കോഴിക്കോട്: തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബോട്ടിനുള്ളിലെ എന്‍ജിനില്‍ കുരുങ്ങിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്സ്.
ബുധനാഴ്ച വൈകിട്ടോടെയാണ് തമിഴാനാട്ടില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ട് ബേപ്പൂരിന് പടിഞ്ഞാറ് 50 നോട്ടിക്കല്‍ മൈല്‍ അകലെയായി അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപെട്ടിരുന്നു. കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റു രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഒരു കപ്പല്‍ വന്നിടിച്ച് ബോട്ട് തകരുകയായിരുവെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപെടുത്തിയത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.