ന്യൂഡല്‍ഹി: ബ്ലൂ വെയ്ല് പോലുള്ള ഗെയിമുകളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കരുതെന്നും ഹൈക്കോടതികള്‍ക്ക് ബെഞ്ച് നിര്‍ദേശം നല്കി.
ലോകത്താകമാനം നിരവധി കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമായ ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ബ്ലൂവെയ്ലിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഫെയ്സ്ബുക്, ഗൂഗിള്‍, യാഹൂ എന്നിവയോടു ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 22ന് അഭിപ്രായം തേടിയിരുന്നു. ഗെയിം നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ നാലിന് തമിഴ്നാട്, കേന്ദ്ര സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയും ആവശ്യപ്പെട്ടു.