ഭോപാല്‍; മധ്യപ്രദേശില്‍ ഡീസലിനും പെട്രോളിനുമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് മൂന്നും ശതമാനമാണ് നികുതിനിരക്കു കുറയുക. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രബല്യത്തിലാകുമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും കഴിഞ്ഞ ദിവസങ്ങളില്‍ ‘വാറ്റ്’ കുറച്ചിരുന്നു.
പെട്രോളിനു ഡീസലിനും യഥാക്രമം ഗുജറാത്തില്‍ നാലു ശതമാനം, ഉത്തരാഖണ്ഡില്‍ രണ്ട് ശതമാനം, ഹിമാചല്‍ പ്രദേശില്‍ ഒരു ശതമാനം, മഹാരാഷ്ട്രയില്‍ ഒരു രൂപ, രണ്ടു രൂപ എന്നിങ്ങനെയുമാണു കുറഞ്ഞത്. നേരത്തേ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതം കുറച്ചിരുന്നു.
ജിഎസ്ടിയുടെ പരിധിക്കു പുറത്തുള്ള പെട്രോളിനും ഡീസലിനും 23 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് നികുതി. ബാക്കി 15 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനത്തിന്റെ വരുമാന നഷ്ടമായ 1500 കോടി രൂപ കേന്ദ്രം വഹിച്ചാല്‍ വില കുറയ്ക്കാമെന്നാണു കേരളത്തിന്റെ നിലപാട്.