യുനസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറുന്നു

0
50

ജെറുസലേം: യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ (യുനസ്‌കോ) നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറുന്നതായി പ്രഖ്യാപിച്ചു.

യുനസ്‌കോയില്‍ നിന്നും പിന്മാറുന്നു എന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. യുനസ്‌കോ പാരമ്പര്യം കാത്തുസംരക്ഷിക്കുന്നതിന് പകരം അത് തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അസംബന്ധങ്ങളുടെ അരങ്ങായി യുനസ്‌കോ മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുനസ്‌കോയില്‍ നിന്നും പിന്മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസും പ്രതികരിച്ചു. യുനസ്‌കോയില്‍ പാലസ്തീന് അംഗത്വം നല്‍കിയതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണം.

കഴിഞ്ഞ ദിവസമാണ് അമേരിക്ക യുനസ്‌കോയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പിന്മാറ്റം. ഇരു രാജ്യങ്ങളും പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ചട്ടപ്രകാരം 2018 ഡിസംബറില്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ.