യുപിയില്‍ അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുമെന്ന് യോഗി ആദിത്യനാഥ്

0
49

ലഖ്നൗ: സംസ്ഥാനത്ത് ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് സര്‍വെ നടത്താനും ആദിത്യനാഥ് ഉത്തരവിട്ടു. അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും. കാര്യക്ഷമതയില്ലാത്ത പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തി തിരിച്ചറിയേണ്ടതുണ്ട്. ഇവിടേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നവരെ ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റവിമുക്തവും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി യു.പിയെ മാറ്റാന്‍ അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്രിമിനലുകളെ അടിച്ചമര്‍ത്താനും ആദിത്യനാഥ് നിര്‍ദേശിച്ചു. ദീപാവലി, ഛാത്ത് പൂജ എന്നിവക്കിടയില്‍ പ്രശ്നങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.