ശബരിമലയിലും ഗുരുവായൂരിലും അബ്രാഹ്മണ പൂജാരിമാര്‍ വരുമോ?

0
126

എം.മനോജ് കുമാര്‍

തിരുവനന്തപുരം: നൂറ്റാണ്ടുകളായി ബ്രാഹ്മണ്യം കയ്യാളിയിരുന്ന ശ്രീകോവിലുകള്‍  അബ്രാഹ്മണര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വഴി. ഇതൊരു ചരിത്രപരമായ തീരുമാനം എന്ന് തന്നെ വാഴ്ത്തപ്പെടുന്നു. ഔദ്യോഗിക സംവിധാനം വഴി ബ്രാഹ്മണരല്ലാത്തവര്‍ ശാന്തിക്കാരായി മാറിയിരിക്കുന്നു.

കേരളം അറച്ചറച്ചാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സമയം എടുത്തേക്കും. ഇന്ത്യയില്‍ തന്നെ അസാധാരണമായ സാമൂഹിക പ്രാധാന്യമുള്ള സംഭവമാണ് അബ്രാഹ്മണ ശാന്തി നിയമനം.

ശാന്തി ചെയ്യാനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമെന്നത് ഹിന്ദു മതത്തിന്റെ ഏറ്റവും മലീമസമായ വശമായിരുന്നു. ജന്മം കൊണ്ട് ശാന്തി ചെയ്യാന്‍ നിഷിദ്ധരെന്നു വിശേഷിക്കപ്പെടുന്ന ഒരു ജനസാമാന്യത്തെ ആരാധനയുടെയും ആചാരത്തിന്റെയും തട്ടകത്തിനു പുറത്തേക്ക് തള്ളിമാറ്റിയതാണ് ഹിന്ദു മതത്തിനുണ്ടായിരുന്ന ഏറ്റവും വലിയ അപചയം.

ആരാധന എല്ലാവര്‍ക്കും  ആകാം എന്നാണു കേരളം തീരുമാനിക്കുന്നത്. അത് നടപ്പാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അമ്പലങ്ങളില്‍ ജാതി നോക്കാതെ പൂജാ നിയമനം ഇതുവരെ പതിവില്ലാത്തതാണ്. അങ്ങിനെ നോക്കുമ്പോള്‍ ആ മേഖലയില്‍ സാമൂഹിക പരിഷ്‌കൃതിയിലേക്കുള്ള ഒരു തുടക്കമാണിത്.

മുമ്പും തുടക്കങ്ങളുണ്ടായെങ്കിലും അതിനു തുടര്‍ച്ചകള്‍ ഇല്ലായിരുന്നു. 1936 നവംബര്‍ 12 നു ക്ഷേത്ര പ്രവേശന വിളംബരം നടന്നു. തിരുവിതാംകൂറിലെ അവസാന രാജാവായ ശ്രീചിത്തിര തിരുനാളാണ് ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്. ചരിത്രപരമായ ആ മുന്നേറ്റത്തിനു പിന്തുടര്‍ച്ചകള്‍ ഇല്ലാതെ പോയി.

സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍ പന്തിഭോജനം നടന്നു. അതും സാമൂഹ്യ വിപ്‌ളവമായി മാറി. അച്യുതമേനോന്‍ ഭരണകാലത്ത് അബ്രാഹ്മണ ശാന്തിക്കാര്‍ വന്നു. പക്ഷെ അതിനൊന്നും തുടര്‍ച്ചകള്‍ ഇല്ലാതെ പോയി. ഇപ്പോള്‍ ഒരു തുടര്‍ച്ച വന്നിരിക്കുന്നു. അബ്രാഹ്മണ ശാന്തിക്കാര്‍ ലിസ്റ്റ് അനുസരിച്ച് തന്നെ തിരുവിതാംകൂര്‍ ദേവസ്വത്തില്‍ വരും. മറ്റ് ദേവസ്വങ്ങളും ഈ പാത പിന്തുടരും.

തമിഴ്‌നാട്ടില്‍ കേരളത്തിന്റെ പാത പിന്തുടരണം എന്ന ആവശ്യം തന്നെ ഉയര്‍ന്നു വന്നു. മറ്റു സംസ്ഥാനങ്ങളും ഇതേ പാതയിലേക്ക് വരും. അപ്പോള്‍ കേരളത്തില്‍ നിന്നും സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ ഒരു വലിയ ജ്വാല തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു. ഈ ജ്വാലയാണ് ഇന്ത്യ പിന്തുടരുക.

ഈ തുടക്കം മാത്രം മതിയോ? ഈ തുടക്കം സാര്‍ത്ഥകമാകണമെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ആറ്റുകാലിലും ചോറ്റാനിക്കരയിലും ജാതി നോക്കാതെ പൂജാരിമാരെ നിയമിക്കാന്‍ പറ്റുന്ന സാഹചര്യം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇത്തരം തീരുമാനങ്ങള്‍ വഴി വേണം ഈ പരിഷ്‌ക്കരണം മുന്നോട്ട് പോകേണ്ടത്. അപ്പോള്‍ മാത്രമേ വര്‍ണാശ്രമധര്‍മ്മത്തിന്റെ അഭംഗി നഷ്ടമാകുകയുള്ളൂ.

ഏതു ജാതിക്കാരനും പൂജിക്കാന്‍ എന്നാവുമ്പോള്‍ ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ശ്രേഷ്ഠത കൈവരുക എന്ന് തന്നെ വരും. ഇത് ഏതെങ്കിലും ഒരു പ്രത്യേക ജാതിയില്‍ ജനിച്ചു എന്നത് ഒരു കുറ്റമല്ലാതാക്കും. ഇതുവഴി മനുഷ്യന്റെയും മതത്തിന്റെയും മാഹാത്മ്യമേറും.

പരിഷ്‌ക്കരിക്കുമ്പോള്‍ മന്ത്രങ്ങള്‍ കൂടി പരിഷ്‌ക്കരിക്കപ്പെടുമോ? കാരണം തമിഴ്‌നാട്ടില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ക്ക് പകരം തമിഴ് മന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. സംസ്‌കൃത ശ്ലോകങ്ങള്‍ തമിഴിലേക്ക് മാറിയിട്ടുണ്ട്. മലയാളത്തിലും മന്ത്രങ്ങള്‍ ചൊല്ലികൊടുക്കുന്ന അവസ്ഥ വരുമോ?

മന്ത്രങ്ങള്‍ക്ക് പ്രാദേശിക വകഭേദം കൂടി ആയിക്കൂടെ എന്ന ചോദ്യം മുഴങ്ങുന്നു. ഇപ്പോള്‍ പൂജാരി മുഴക്കുന്ന ചോദ്യങ്ങള്‍ സംസ്‌കൃതത്തില്‍ ആയതിനാല്‍ അത് പലര്‍ക്കും ഗ്രഹിക്കാന്‍ കഴിയില്ല.

മന്ത്രങ്ങളുടെ അര്‍ഥം അറിയുന്നത് പൂജാരിക്ക് മാത്രമാകുന്ന അവസ്ഥ നിലവിലുണ്ട്. അതുകൊണ്ട് ആരാധനയുടെ ഭാഷയില്‍ക്കൂടി മാറ്റം വരേണ്ടതുണ്ട്. ഭക്തിയും ദൈവവിശ്വാസവും എല്ലാ മനുഷ്യരിലേക്കും ഒരുപോലെ ഇറങ്ങി വരുന്ന അവസ്ഥ വരണം.

വലിയ വട്ടചെമ്പില്‍ ഒരു തുള്ളി വെള്ളം ഒഴിക്കുന്ന രീതിയില്‍ കേരളത്തിലെ ഈ സാമൂഹ്യമാറ്റങ്ങള്‍ മാറിപ്പോകരുത്. മാറ്റങ്ങള്‍ക്ക് തുടര്‍ച്ചകള്‍ വേണം.