ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

0
55

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം, പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി പറയുക. ഇന്ന് രാവിലെ 10.30 നാണ് വിധി പ്രസ്താവം.

കേസില്‍ ദേവസ്വം ബോര്‍ഡിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയതിലെ ഭരണഘടന പ്രശ്നമാണ് പ്രധാനമായും പരിഗണിക്കുക. ഇത്തരം കേസുകളില്‍ സര്‍ക്കാറുകള്‍ മാറുമ്പോള്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്ന കാര്യവും കോടതി പരിശോധിക്കും.

എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് പുതിയ സത്യവാംങ്മൂലത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കേസ് ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി നല്‍കിയത്. എന്നാല്‍ അതിനപ്പുറത്തേക്ക് തീരുമാനമെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.