ജയ്പൂര്‍: ശൈശവ വിവാഹം റദ്ദാക്കാനുള്ള അപേക്ഷയില്‍ കോടതി പ്രധാനമായും പരിഗണിച്ചത് ഫെയ്സ് ബുക്ക് പോസ്റ്റ്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ സുശീല ബിഷ്ണോയ് എന്ന കൗമാരക്കാരിയാണ് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2010 ല്‍ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് 12 വയസ് മാത്രമായിരുന്നു പ്രായമെന്ന് സുശീല ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് തന്നെ വിവാഹം കഴിപ്പിച്ചത്. ഭര്‍ത്താവിന്റെ അമിത മദ്യപാനം സഹിക്കാവുന്നതിലപ്പുറമാണെന്നും അയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും സുശീല കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വിവാഹ നിശ്ചയം മാത്രമേ നടന്നിട്ടുള്ളൂവെന്നും ഭര്‍ത്താവ് വാദിച്ചു. ഇതോടെ കോടതിക്ക് ആശയക്കുഴപ്പമായി. തീരുമാനം മാറ്റിവച്ചു. എന്നാല്‍ സുശീലയെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൃതി ഭാരതി, ഫെയ്സ്ബുക്കില്‍ ഭര്‍ത്താവ് ഷെയര്‍ ചെയ്ത വിവാഹ ഫോട്ടോകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഫോട്ടോകള്‍ക്ക് താഴെ വിവാഹത്തിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള സുഹൃത്തുക്കളുടെ കമന്റുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കണ്ട കോടതി സുശീലയുടെ വിവാഹം റദ്ദാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.