സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ പഞ്ചിങ് വരുന്നു

0
61


തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തുകയും ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റ് ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നതുമായ സംവിധാനമാണ് നിലവില്‍ വരുന്നത്.

സര്‍ക്കാര്‍ ഓഫിസുകളില്‍ നിലവില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുന്നത്. ശമ്പളവിതരണ സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരുടെ അവധിയെ ബാധിക്കാറില്ല.

എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ആധാര്‍ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ഇതിനായി വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഐടി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴി വാങ്ങും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് പുതിയ സംവിധാനം.