സോളാര്‍ കമ്മിഷനില്‍ ഇടത് സര്‍ക്കാര്‍ ഇടപെട്ടതായി സംശയമെന്ന് പന്തളം

0
515

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷ കാലയളവില്‍ സോളാര്‍ കമ്മിഷനില്‍ ഇടത് സര്‍ക്കാര്‍ ഇടപെട്ടതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ 24 കേരളയോടു പറഞ്ഞു.

സോളാര്‍ കമ്മിഷന്റെ അന്വേഷണ പരിധിക്ക് മുകളിലുള്ള പല കാര്യങ്ങളിലും സോളാര്‍ കമ്മിഷന്‍ നിഗമനങ്ങളില്‍ എത്തിയത് സംശയക്കണ്ണോടെ വീക്ഷിക്കേണ്ടി വരുമെന്നും പന്തളം പറഞ്ഞു. സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയ ആയുധമായി സിപിഎം ഉപയോഗിക്കുകയാണ്.

അതിനനുസരിച്ചുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായും നിയമപരമായും സോളാര്‍ കേസ് നടപടികളെ നേരിടും.

കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഒരു ആയുധമായി സിപിഎം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെ ഉപയോഗിക്കുകയാണ്. പക്ഷെ അങ്ങിനെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഒന്നും സിപിഎമ്മിന് സാധിക്കില്ല.

കോണ്‍ഗ്രസിനെ ഉന്മൂല നാശം വരുത്താനായി കള്ളക്കഥകള്‍ മെനയുകയാണ് സിപിഎം ചെയ്യുന്നത്. നേതാക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അത് നടക്കാന്‍ പോകുന്ന കാര്യമില്ല. നിലവില്‍ സോളാര്‍ കമ്മിഷന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന് ഭയമില്ല. ഉമ്മന്‍ചാണ്ടി ഞങ്ങളുടെ ലീഡര്‍ ആണ്. ജനകീയ നേതാവാണ്‌.

ആ നേതാവിന് പകരം വെയ്ക്കാന്‍ വേറെ നേതാവില്ല. അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല.

ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച് കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് ശ്രമം. അത്തരത്തിലുള്ള സിപിഎം ശ്രമങ്ങളെ കോണ്‍ഗ്രസ് ശക്തിയായി നേരിടുക തന്നെ ചെയ്യുമെന്നും പന്തളം പറഞ്ഞു.