തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡിജിപി എ.ഹേമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി അറിയിക്കാനാണ് ഹേമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതെന്നാണ് സൂചനകള്‍.
പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ എ ഹേമചന്ദ്രന്, കെ. പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സോളാര്‍ അന്വേഷണത്തിന് നേതൃത്വം നല്കിയ എ.ഹേമചന്ദ്രന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പങ്ക് കേസില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.ഹേമചന്ദ്രന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.