സോളാര്‍ കേസ് പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്ന് രാഹുല്‍ ഗാന്ധി

0
43

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ ഹൈക്കമാന്‍ഡിന് ആശങ്കയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന നേതൃനിര ഒന്നടങ്കം കേസില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് ഗുണകരമല്ല. നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും ഹസന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ഹസനെ കൂടാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സുധീരന്‍, വി.ഡി.സതീശന്‍ എന്നിവരും രാഹുലുമായി ചര്‍ച്ച നടത്തി. എ.കെ.ആന്റണിയും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡല്‍ഹി കേരളാ ഹൗസിലാണ് കൂടിക്കാഴ്ച. അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.