സോളാര്‍ കേസ്: മുഖ്യസൂത്രധാരന്‍ കെ.ബി ഗണേശാണെന്ന് ബിജുവിന്റെ വെളിപ്പെടുത്തല്‍

0
48

സോളാര്‍ കേസില്‍ പുതിയ വഴിത്തിരിവ്. സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ മുഖ്യസൂത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ആണെന്ന് ബിജു കോടതിയെ അറിയിച്ചു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു.

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും സോളാര്‍ കേസിന്റെ അന്വേഷണത്തിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പരാതിയായി നല്‍കാന്‍ തയാറായതെന്നും ബിജു അറിയിച്ചു.

എന്നാല്‍, സോളാര്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.