അമ്മക്കൊപ്പം ഉറങ്ങിയ മകള്‍ രാവിലെ കിണറ്റില്‍ മരിച്ചനിലയില്‍

0
60

 
തൃശ്ശൂര്‍: അമ്മയ്‌ക്കൊപ്പം രാത്രി കിടന്നുറങ്ങിയ പെണ്‍കുട്ടി നേരം വെളുത്തപ്പോള്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരി വീട്ടില്‍ സിദ്ധാര്‍ഥിന്റെ മകള്‍ അഞ്ജലി (20)യെയാണു വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ അഞ്ജലി അമ്മ ആശയോടൊപ്പം പതിവുപോലെ ഉറങ്ങാനായി കിടന്നു. പുലര്‍ച്ചെ 4.30 ന് ആശ എഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്ന മകളെ കാണാനില്ലായിരുന്നു. മുറിയില്‍ ആകെ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.

തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തി അകത്തും പുറത്തും കുട്ടിയെ അന്വേഷിച്ചു. ഈ സമയം വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നു കിണറില്‍ നോക്കിയപ്പോള്‍ അഞ്ജലിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഞ്ജലി. ഏക സഹോദരന്‍ അഞ്ജല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷണമാരംഭിച്ചു.