ഒത്തുതീര്‍പ്പ് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലെന്ന് ബല്‍റാം

0
70

തിരുവനന്തപുരം : ഒത്തു തീര്‍പ്പുകള്‍ പാര്‍ട്ടികള്‍ തമ്മിലല്ല. എല്ലാ പാര്‍ട്ടിയിലേയും ചില നേതാക്കള്‍ തമ്മിലാണെന്ന് വിടി ബല്‍റാം എംഎല്‍എ. ടിപി വധക്കേസിലെ ഒത്തുകളിയാണ് സോളാര്‍ കേസില്‍ തിരിച്ചടിയായതെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ബല്‍റാം തന്റെ നിലപാട് വിശദീകരിച്ചത്.

സോളാര്‍ കേസിലെ മുഖ്യ തട്ടിപ്പുകാരിയായ വനിതയുടെ കത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചതിന്റെ പേരിലാണ് മാനഭംഗത്തിനു കേസെടുത്തിരിക്കുന്നത്. ഇങ്ങനെ പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമല്ലാത്ത ഒരു വ്യക്തിയുടെ കത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുന്നത് പിണറായി വിജയന്റേയും സിപിഎമ്മിന്റേയും രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും ബല്‍റാം ആരോപിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്നു ടി.പിയുടെ ഭാര്യയും മകനും അമ്മയും പലയിടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയിട്ടുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഈ ഗൂഢാലോചനയേക്കുറിച്ച് പലവട്ടം പറഞ്ഞിരുന്നു.

ഇപ്പോഴത്തെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ പിണറായി വിജയനെതിരെ യുഡിഎഫ് സര്‍ക്കാരിന് കേസെടുക്കാമായിരുന്നു. എന്നാല്‍, അന്ന് അങ്ങനെ ചെയ്തിട്ടില്ല. പിണറായിയെ അന്വേഷണ സംഘം പ്രതിചേര്‍ക്കുകയോ മൊഴികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായോ നമുക്കറിയില്ല. ഇത് ഒരു ഉദാസീന സമീപനമാണോ എന്ന സംശയം എല്ലാവരുടേയും മനസ്സിലുണ്ട്. ഇത്തരം കാര്യങ്ങളാണ് പോസ്റ്റിലൂടെ താന്‍  പറയാന്‍ ശ്രമിച്ചതെന്നും ബല്‍റാം വിശദീകരിക്കുന്നു.

ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയോ ഇല്ലയോ എന്നതിലല്ല കാര്യം ഗൂഢാലോചനക്കേസ് വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന ബന്ധപ്പെട്ടവരുടെ സംശയം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ബല്‍റാം പറയുന്നു.