ഒന്നില്‍ കൂടുതല്‍ വാഹനമുള്ളവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

0
45


കുവൈത്ത് സിറ്റി: രാജ്യത്തെ വാഹനഗതാഗതം നിയന്ത്രിക്കുന്നതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദേശികള്‍ക്കും ജി.സി.സി അംഗരാജ്യങ്ങളിലെ പൗരര്‍ക്കും മറ്റ് അറബ് രാജ്യക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ത്തിയായി. കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഗതാഗത മന്ത്രാലയത്തോട്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്.

നിലവില്‍ 1.9 മില്ല്യന്‍ വാഹനങ്ങളാണ് കുവൈത്തില്‍ നിരത്തുകളിലിറങ്ങുന്നത്. എന്നാല്‍ കുവൈത്തിലെ റോഡുകള്‍ക്ക് 1.2 മില്യന്‍ വാഹനങ്ങള്‍ വഹിക്കുന്നതിനേ ശേഷിയുള്ളൂ. ഗതാഗതകുരുക്ക് ദിനംപ്രതി നിയന്ത്രിക്കാന്‍ കഴിയാത്തവിധം അതിഗുരുതരമായ പ്രശ്നമായി തീര്‍ന്നിരിക്കുകയാണെന്നാണ് ഗതാഗത വിഭാഗത്തിന്റെ കണ്ടെത്തല്‍.

വര്‍ധിച്ചുവരുന്ന ഗതാഗതക്കരുക്ക് സാമൂഹിക ജീവതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വിദേശികളുടെ വാഹനങ്ങളാണ് കൂടുതലെന്നും അതുമൂലമാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതെന്നും ചില പാര്‍ലമെന്റ് അംഗങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.