കമ്പനി/കാര്‍പ്പറേഷന്‍/ബാര്‍ഡ് അസിസ്റ്റന്റ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണത്തേതുപോലെ സ്ഥാപനങ്ങളെ രണ്ടു കാറ്റഗറിയായി തിരിച്ചാണ് ഇത്തവണയും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായം 18-36. രണ്ടു കാറ്റഗറികളിലും താത്പര്യമുള്ളവര്‍ വെവ്വേറെ അപേക്ഷിക്കണം.

രണ്ടു കാറ്റഗറികളിലുമായി മൂന്നു വര്‍ഷം കൊണ്ട് 6000 ത്തിലേറെ നിയമനങ്ങള്‍ നടക്കാനിടയുണ്ട്. ആദ്യ കാറ്റഗറിയുടെ പഴയ റാങ്ക് പട്ടികയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തീയതി വരെ 2550 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്. ഈ പട്ടികയുടെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 700-ഓളം ഒഴിവുകള്‍ ബാക്കിയുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും അവയിലേക്കുള്ള നിയമന ശുപാര്‍ശ തയ്യാറാക്കുന്നത്.

പരിഷ്‌കരിക്കുന്ന സമ്പ്രദായത്തില്‍ പുതിയ വിജ്ഞാപനത്തിന്റെ പരീക്ഷകള്‍ നടത്തുന്നതിന് പിഎസ്‌സി ആലോചിക്കുന്നുണ്ട്. അക്കാര്യത്തില്‍ കമ്മീഷന്‍ യോഗം പിന്നീട് തീരുമാനമെടുക്കും.