കാഴ്ചകളുടെ അത്ഭുത ലോകമായി കംബോഡിയ

0
200

അത്ഭുതകാഴ്ചകളുടെ ലോകമാണ് കംബോഡിയ. ഏഷ്യന്‍ വന്‍കരയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഈ രാജ്യം പതിനാലാം നൂറ്റാണ്ട് വരെ ഇന്തോ-ചൈന പ്രദേശങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഖമര്‍ വംശജരുടെ സ്വദേശമാണ്. പടിഞ്ഞാറ് തായ്‌ലാന്‍ഡും വടക്ക് ലാവോസും, കിഴക്ക് വിയറ്റ്‌നാമുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കംബോഡിയ.

1431ല്‍ ഖമര്‍ സാമ്രാജ്യം അയല്‍രാജ്യങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടു. 19ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് കോളനിവല്‍ക്കരണത്തിന് കംബോഡിയയില്‍ തുടക്കം കുറിച്ചു. 1970കളില്‍ അമേരിക്കയുടെ കാര്‍പറ്റ് ബോംബിങ്ങിനു വിധേയമായി. തുടര്‍ന്ന് ഖമര്‍ ഭരണത്തിന്റെ ക്രൂരമായ ഭരണ ഭീകരത്വത്തിലൂടെ കംബോഡിയ കടന്ന് പോയി. 1993ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് രാജ്യം വീണ്ടും പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ തുടങ്ങിയത്.

സിയാം റീപ്

അങ്കോര്‍ മേഖലയുടെ പ്രവേശനകവാടമാണ് സിയാം റീപ്. വടക്ക് പടിഞ്ഞാറന്‍ കംബോഡിയയുടെ തലസ്ഥാനനഗരം. പ്രശസ്തമായ റിസോര്‍ട്ട് നഗരമാണ് സിയാം റീപ്. കൊളോണിയന്‍, ചൈനീസ് ശൈലിയിലുള്ള വാസ്തുവിദ്യകളാണ് ഇവിടെ കൂടുതലും കാണാന്‍ സാധിക്കുക.

നഗരത്തില്‍ മ്യൂസിയങ്ങളും പരമ്പരാഗത അപ്‌സര ഡാന്‍സ് പ്രകടനങ്ങളും കംബോഡിയന്‍ സാംസ്‌കാരിക ഗ്രാമവുമാണ് പ്രധാനകാഴ്ചകള്‍. ഇവിടെ കരകൗശല വസ്തുക്കളും കംബോഡിയന്‍ സ്മാരക വസ്തുക്കളും ഇവിടെ ലഭ്യമാണ്. ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളും ടോണ്‍ലെ സാപ് തടാകത്തിനരികിലെ മീന്‍പിടിത്തഗ്രാമങ്ങളും മനോഹരമായ കാഴ്ചകളുടെ ലോകമാണ്.

സിയാം റീപ് ഇന്ന് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്. കംബോഡിയയുടെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരം തന്നെ. അതിനാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും റസ്‌റ്റോറന്റുകളും ഇവിടെ നിരവധിയാണ്. കംബോഡിയയിലെ ഏറ്റവും പ്രശസ്തമായ അങ്കോര്‍ ക്ഷേത്രത്തിന് സമീപമാണ് സിയാം റീപ് എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ കാരണമാണ്.

അങ്കോര്‍ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണ് അങ്കോര്‍ ക്ഷേത്രം. 162.6 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ ക്ഷേത്രം 12ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഖമര്‍ രാജാവായ സൂര്യവര്‍മന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ യശോദരാപുരയില്‍ സംസ്ഥാനത്തിനായി പണികഴിപ്പിച്ചതാണ്. ശിവഭക്തരായ മുന്‍ രാജാക്കന്മാരില്‍ നിന്നും വ്യത്യസ്തമായി വൈഷ്ണവ ക്ഷേത്രമാണ് സൂര്യവര്‍മന്‍ നിര്‍മിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അങ്കോര്‍ ക്ഷേത്രം ബുദ്ധമതാനുഷ്ഠാനങ്ങള്‍ക്ക് ക്രമേണ വഴി മാറി. ഇന്നും ബുദ്ധാചാരങ്ങളാണ് ഇവിടെ നടത്തുന്നത്. ഖമര്‍ വാസ്തുവിദ്യയുടെ മികച്ച ക്ലാസിക്കല്‍ ശൈലിയാണ് ഇവ. കംബോഡിയന്‍ പതാകയില്‍ രാജ്യത്തിന്റെ മുഖമുദ്രയായി അങ്കോര്‍ ക്ഷേത്രം നിലകൊള്ളുന്നു.

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് അങ്കോര്‍ ക്ഷേത്രം. ഖമര്‍ വാസ്തുകലയുടെ ഉജ്ജ്വല ഉദാഹരണം. ഇതിനോട് ഉപമിക്കാനാകുന്ന ചില വാസ്തു വിദ്യകള്‍ മാത്രമേ ഭൂമിയില്‍ കണ്ടെത്തിയിട്ടുള്ളൂ. മാച്ചു പിച്ചു, പെട്ര എന്നിവിടങ്ങളിലെ വാസ്തുകലകള്‍ക്കാണ് അങ്കോര്‍ ക്ഷേത്രത്തിനോട് സാമ്യം ഉള്ളത്.

ക്ഷേത്രത്തിനുള്ളിലെ പടിഞ്ഞാറന്‍ ഗാലറിയില്‍ ലങ്കന്‍ യുദ്ധം(രാമായണത്തില്‍ രാമന്‍ രാവണനെ വധിക്കുന്നത്) കുരുക്ഷേത്ര യുദ്ധം(മഹാഭാരതത്തില്‍ നിന്ന് കൗരവ പാണ്ഡവ സമുദായങ്ങളുടെ പരസ്പര ഉന്മൂലനം) എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണഭാഗത്തിലെ ഗാലറിയില്‍ സൂര്യവര്‍മന്‍ രണ്ടാമനെയും ഹൈന്ദവ വിശ്വാസപ്രകാരമുള്ള 32 നരകങ്ങളെയും 37 സ്വര്‍ഗങ്ങളെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

1.5 മില്യണ്‍ ടണ്‍ ഭാരമുള്ള അഞ്ച് മില്യണ്‍ മുതല്‍ 10 മില്യണ്‍ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ നിര്‍മിച്ചതിനേക്കാള്‍ വളരെയധികം കല്ലുകള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. അങ്കോര്‍ ക്ഷേത്രത്തിലെ സൂര്യോദയവും സൂര്യാസ്തമനവും കാണാനായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.

ഫ്‌നോം പെന്‍

കമ്പോഡിയയുടെ തലസ്ഥാനമാണ് ഫ്‌നോം പെന്‍. ടോണ്‍ലെ സാപ്, മെകോങ് പുഴകളുടെ തീരത്താണ് ഫ്‌നോം പെന്‍. ഗ്രാമീണ ജീവിതത്തിന്റെ താളം ഇവിടെ ആവോളം ആസ്വദിക്കാം. നെല്‍പ്പാടങ്ങളും കരിമ്പനത്തോട്ടങ്ങളും നിറഞ്ഞ ഫ്‌നോം പെന്‍ മനസിന് ഉന്മേഷം നല്‍കുന്ന കാഴ്ചകളാണ് നല്‍കുന്നത്.