കുട്ടികളുടെ നായര്‍ സാര്‍ നാട്ടിലേക്ക് മടങ്ങി

0
59


ഷാര്‍ജ: 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുട്ടികള്‍ ‘നായര്‍സാര്‍’ എന്നുവിളിക്കുന്ന കെ.ആര്‍.സുരേന്ദ്രന്‍ നായര്‍ നാട്ടിലേക്ക് മടങ്ങി. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ (എന്‍.ഐ. മോഡല്‍) നിന്നാണ് അദ്ദേഹം വിരമിച്ചത്. 1982-ല്‍ എന്‍.ഐ. മോഡല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന സുരേന്ദ്രന്‍ നായര്‍ അസി.സൂപ്പര്‍വൈസര്‍, സൂപ്പര്‍ വൈസര്‍, അസി.ഹെഡ്മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളില്‍ സേവനമനുഷ്ടിച്ച ശേഷം ഡയറക്ടര്‍ പദവിയില്‍നിന്നാണ് വിരമിച്ചത്.

തിരുവല്ല ഓതറ സ്വദേശിയായ കെ.ആര്‍. സുരേന്ദ്രന്‍ നായര്‍ സെയ്ന്റ് ജോസഫ് ഹൈസ്‌കൂള്‍ ഇരവിപേരൂര്‍, സെയ്ന്റ് തോമസ് ഹൈസ്‌കൂള്‍ തിരുമൂലപുരം എന്നിവടങ്ങളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചങ്ങനാശ്ശേരി എന്‍ എസ് എസ്. കോളേജില്‍നിന്ന് പ്രീഡിഗ്രി, ഡിഗ്രി പഠനത്തിനുശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി.

ഏഴുവര്‍ഷം കൊല്‍ക്കത്ത നാഷണല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്ത ശേഷമാണ് 1982-ല്‍ ദുബായിലെത്തിയത്. ദുബായിലെ 35 വര്‍ഷത്തെ അധ്യാപക ജീവിതം സംതൃപ്തവും ധന്യവുമാണെന്ന് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. കേരളത്തിനുപുറത്ത് ആദ്യമായി കേരള സിലബസ് എസ്.എസ്.എല്‍.സി. ബാച്ച് ആരംഭിച്ചതും എന്‍.ഐ. മോഡല്‍ സ്‌കൂളിലാണ്. എസ്.എസ്.എല്‍.സി ബാച്ചില്‍ ആദ്യത്തെ 33 വിദ്യാര്‍ത്ഥികള്‍ ഫാസ്റ്റ് ക്ലാസോടെ നൂറുമേനി വിജയം കൈവരിച്ചപ്പോള്‍ അതില്‍ പങ്കുവഹിച്ച സുരേന്ദ്രന്‍ നായര്‍ക്ക് അത് അഭിമാനമായിരുന്നു.

തുടര്‍ച്ചയായി 27 വര്‍ഷം ഒരേ സ്‌കൂളിലെ കുട്ടികളുടെ എസ്.എസ്.എല്‍.സി. രേഖകളില്‍ ഒപ്പ് പതിപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പഠിപ്പിച്ച കുട്ടികള്‍ ഉന്നതജോലികള്‍ ചെയ്യുന്നത് കാണുമ്പോഴാണ് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.