ജമ്മുവില്‍ സൈന്യം വധിച്ചത് തലയ്ക്ക് 10 ലക്ഷം രൂപ വില വരുന്ന ഭീകരനെ

0
55


ജമ്മു: ജമ്മുവില്‍ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത് അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 10 ലക്ഷം വില വരുന്ന ഭീകരനെ. പുല്‍വാമ സ്വദേശിയായ വസീം ഷാ, ഇയാളുടെ ബോഡിഗാര്‍ഡ് നിസാര്‍ അഹമ്മദ് എന്നിവരാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. 2016ല്‍ കാശ്മീരില്‍ സംഘര്‍ഷം പടര്‍ന്നു പിടിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് വസീമാണെന്ന് പൊലീസ് പറഞ്ഞു.

തീവ്രവാദികളുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന പുല്‍വാമയിലെ ലിറ്റര്‍ പ്രദേശത്താണ് അബു ഒസാമ ഭായ് എന്ന പേരില്‍ അറിയപ്പെടുന്ന ഷാ ഒളിച്ചിരുന്നത്. ഒളികേന്ദ്രത്തില്‍ ഷായും കൂട്ടാളിയും ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലിറ്റര്‍ പ്രദേശത്ത് ഉണ്ടാവുന്ന ആദ്യ ഏറ്റുമുട്ടലാണിത്. ഭീകരരില്‍നിന്നു എകെ 47, എകെ 56 തോക്കുകളും ആറ് തിരകളും കണ്ടെടുത്തു.

സ്‌കൂള്‍ കാലം മുതല്‍ ലഷ്‌കറെ തയിബയില്‍ ആകൃഷ്ടനായിരുന്ന വസീം സംഘടനയുടെ കുറിയര്‍ ബോയ് ആയും പ്രവര്‍ത്തിച്ചിരുന്നു. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് 2014ലാണ് ലഷ്‌കറെ തയ്ബയില്‍ അംഗമായി. സംഘടനയിലേക്കു യുവാക്കളെ ചേര്‍ക്കുന്നതിന്റെ ചുമതലയും വസീമിനായിരുന്നു.