ടിപി വധക്കേസ് അന്വേഷണം തൃപ്തികരം; ബല്‍റാമിന്റെ ആരോപണം തള്ളി ചെന്നിത്തല

0
66

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ടിപി കേസ് അന്വേഷണം ഫലപ്രദമായിരുന്നു. ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിടി ബല്‍റാം രംഗത്തെത്തിയത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരായ രീതിയില്‍ അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി പുതിയ ആരോപണങ്ങള്‍ എന്നായിരുന്നു വിടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചവരോട് തന്നെ വിശദാംശങ്ങള്‍ ചോദിക്കുകയാണ് വേണ്ടതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം നീതിപൂര്‍വ്വകം ആയിരുന്നുവെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടിരുന്നു.