കാണാമറയത്ത് നജീബ്; കാത്തിരിപ്പിന്റെ വേദനയില്‍ അമ്മ

0
87

മുറിയില്‍ ചുവരിനോട് ചേര്‍ന്ന അലമാരയില്‍ പുസ്തകങ്ങള്‍ വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. കട്ടിലിന് മുകളിലായി കോളേജ് ഐഡന്റ്റ്റി കാര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. ഈ മുറിയിലെ ഓരോ സാധനങ്ങളും അത്രയേറെ സൂക്ഷ്മതയോടെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. കാണാതായ തന്റെ മകന്‍ (‘ജെഎന്‍യു ബോയ്’) നജീബ് മുഹമ്മദ് തിരികെ വരുമെന്ന വിശ്വാസത്തിലാണ് ഫാത്തിമ നഫീസ് ഇന്നും.

ഇന്ത്യയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നജീബ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാളെ ഒരു വര്‍ഷം തികയുന്നു.

2016 ഒക്ടോബര്‍ 14ാം തീയതിയാണ് നജീബ് അഹമ്മദ് എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്. പിറ്റേ ദിവസം മുതല്‍ നജീബിനെ കാണാനില്ലായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നജീബിന്റെ തിരോധാനം ഇന്നും കടംകഥയായി തുടരുന്നു.

നജീബ് കേസ് അന്വേഷണം ഒരിടത്തും എത്തതായതിനെ തുടര്‍ന്ന് 2017 മെയ് 16ന് ഡല്‍ഹി ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടു കൊടുത്തു.

ഈ സാഹചര്യത്തിലാണ് നജീബിന്റെ അമ്മ ഫാത്തിമ നഫീസ് സിബിഐ ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഫാത്തിമ നഫീസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്നടക്കം നൂറ് കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സിബിഐ ഏറ്റെടുത്തിട്ടും കേസില്‍ ഒന്നും ചെയ്യുന്നില്ലെന്ന കടുത്ത ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.

2016 ഒക്ടോബര്‍ 16ന് നജീബ് കാണാതായതിന് ശേഷം മൂന്ന് ഏജന്‍സികളാണ് കേസ് ഏറ്റെടുത്തത്. എന്നാല്‍ നജീബിനെ കണ്ടെത്താനോ എബിവിപിക്കാരെ ചോദ്യം ചെയ്യാനോ ഇതുവരെയും ആരും തയാറായിട്ടില്ല.

തന്റെ മകന് നീതി ലഭിക്കും വരെ പോരാടുമെന്നാണ് ഈ അമ്മ പറയുന്നത്. മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ വന്ന് കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഉറപ്പ് തരണമെന്നാണ് ഈ അമ്മയുടെ ആവശ്യം. നജീബിനെ കണ്ടെത്താന്‍ സാധിക്കില്ലെങ്കില്‍ കേസില്‍ നിന്ന് പിന്മാറണമെന്നും സമരക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുക്കണമെന്ന് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളോട് സമൂഹമാധ്യമങ്ങിലൂടെ ഫാത്തിമ നഫീസ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ സിബിഐക്കെതിരെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് മോഹിത് പാണ്ഡെ, സാമൂഹിക പ്രവര്‍ത്തകന്‍ നദീം ഖാന്‍ എന്നിവര്‍ പറഞ്ഞു.

നജീബിന്റെ സഹോദരന്‍ മുജീബ്, സഹോദരി സദഫ്, ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ മോഹിത് പാണ്ഡെ, കനയ്യകുമാര്‍, രാഹുല്‍ സോന്‍ പിമ്പിള്‍, ഉമര്‍ ഖാലിദ്, ആര്‍എസ് വസിം, എസ്‌ഐഒ ദേശീയ പ്രസിഡന്റ് നഹാസ് മാള തുടങ്ങി നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 16ന് നജീബിന്റെ കേസ് ഹൈകോടതി വീണ്ടും പരിഗണിക്കും.

” എന്റെ മകനെ തിരിച്ച് നല്‍കാമെങ്കില്‍ കുറ്റവാളികളായവരെ വെറുതെ വിട്ടയയ്ക്കാന്‍ ഞാന്‍ അനുവദിക്കും. ‘ നജീബ് തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഫാത്തിമ നഫീസ് പറയുന്നു.