വാഷിംങ്ടണ്‍: നിലപാടുകള്‍ മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ഉത്തര കൊറിയയുമായുള്ള നയതന്ത്ര നിലപാടുകളില്‍ അയവ് വരുത്തുന്നതായുള്ള സൂചനകള്‍ ട്രംപ് നല്‍കിയത്.
ഉത്തരകൊറിയയില്‍ സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ് ഞങ്ങള്‍. അത് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ. എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും അമേരിക്ക തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുന്നതിനായി വൈറ്റ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞുവെന്ന് നേരത്തെ തന്നെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേര്‍സണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരിഹാസവുമായി ട്രംപ് രംഗത്തെത്തി. കുഞ്ഞന്‍ റോക്കറ്റ് മനുഷ്യനോട് സമവായത്തിലെത്താന്‍ ശ്രമിച്ച് റെക്സ് സ്വന്തം സമയം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അതേസമയം ട്രംപിന്റെ ഭീഷണികള്‍ക്ക് പസഫിക് സമുദ്രത്തില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ മറുപടി നല്‍കിയത്.