പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ട്രംപ്

0
52


വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ താന്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം പാക് സൈന്യം ഭീകരശൃഖംലയായ ഹഖാനികളുടെ പിടിയില്‍നിന്ന് അമേരിക്കന്‍- കനേഡിയന്‍ കുടുംബത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നേതാക്കളുമായും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം താന്‍ ആരംഭിച്ചതായി ട്രംപ് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം പാക് സൈന്യം അമേരിക്കന്‍ വംശജയായ കെയ്റ്റലാന്‍ എന്ന യുവതിയെയും കനേഡിയന്‍ വംശജനായ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയും മൂന്നുമക്കളെയുമാണ് ഹഖാനികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. യുഎസ് അധികൃതരുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ സഹായത്തോടെയാണ് പാക് സൈന്യം കെയ്റ്റ്ലാനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. 2012 ലാണ്‌
ദമ്പതികളെ ഹഖാനികള്‍ തട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ മൂന്നുമക്കളും ജനിച്ചത് ഹഖാനികളുടെ തടവിലായിരിക്കെയാണ്.

ഭീകരര്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്ന് അമേരിക്ക നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നും ഭീകരവാദികള്‍ക്കു സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ പ്രത്യാഘതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു.