പാമ്പാട്ടികളുടെ രാജ്യമല്ല: ലോകത്തെ പ്രധാന ഐടി ഹബ്ബാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി

0
51
India's Prime Minister Narendra Modi talks to journalists after a Memorandum of Understanding ceremony at the President House in Naypyitaw, Myanmar, Wednesday, Sept 6, 2017. (AP Photo)

പട്‌ന; വിദേശികള്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാടെന്ന് കണ്ടിരുന്ന കാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്തെ ഐടി വ്യവസായ സംരംഭങ്ങളാണ് ഇതിനു കാരണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ ഒരു വിദേശി, നിങ്ങളുടേത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് എന്നോടു ചോദിച്ചു. പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോള്‍ മൗസുമായിട്ടാണ് കളിക്കുന്നതെന്നും ഈ മാറ്റത്തില്‍ അഭിമാനമുണ്ടെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത് മോദി പറഞ്ഞു. പട്‌ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

2022ല്‍ ബിഹാറില്‍ വികസനം പൂര്‍ത്തിയാകുമെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. ആര്‍ജെഡി സഖ്യത്തില്‍നിന്നു മാറിയതിനുശേഷം ആദ്യമായിട്ടാണ് മോദി ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നത്.
രാജ്യം 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബിഹാര്‍ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നായി മാറുമെന്നും മോദി വ്യക്തമാക്കി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം നടത്തുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.