തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഇതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണം. പെട്രോളും ഡീസലും ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഐസക് പറഞ്ഞു.
ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകണം. കേന്ദ്രം നികുതി കുറക്കാതെ വിലവര്‍ധനയുടെ പാപഭാരം മറ്റുളളവരുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുത്.
പെട്രേള്‍ ലിറ്ററിന് 19.48 രൂപയാണ് കേന്ദ്ര തീരുവ. സംസ്ഥാന നികുതി 17.94 രൂപയും. ലിറ്ററിന് 74 രൂപ വിലയുളള പെട്രോളിന് നികുതി മാത്രം 36.5 രൂപ. ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം ചുമത്തിയാല്‍ പോലും പെട്രോള്‍ ലിറ്ററിന് 45 രൂപക്ക് ജനങ്ങള്‍ക്ക് ലഭിക്കും. പെട്രോളിനും ഡീസലിനും ജിഎസ്ടി വരുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ പ്രതികരണം. സംസ്ഥാനങ്ങളുടെ അഭിപ്രായ ഐക്യം മാത്രമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ചരക്കുസേവന നികുതി സംബന്ധിച്ച മന്ത്രിതല സമിതി അധ്യക്ഷന്‍ കൂടിയായ സുശീല്‍ മോഡി പറഞ്ഞിരുന്നു.