പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു: പ്രണബ്

0
58

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വെള്ളിയാഴ്ച പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ ‘ദി കോയലിഷന്‍ ഇയേഴ്‌സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ രാഷ്ട്രീയ ജീവിതമാണ് പ്രണബ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

രാഷ്ട്രപതിയാകാന്‍ യോഗ്യന്‍ താനാണെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മന്‍മോഹന്‍ മന്ത്രിസഭയിലെ അവിഭാജ്യ ഘടകമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ മറ്റൊരാളെക്കുറിച്ചാണ് ചിന്തിച്ചിരുന്നതെന്ന് തോന്നുന്നു. ആ സാഹചര്യത്തില്‍ മന്‍മോഹന്‍ സിങിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി എന്നെ പ്രധാനമന്ത്രിയാക്കാനാണ് സാധ്യതയെന്നാണ് കരുതിയിരുന്നത്-പുസ്തകത്തില്‍ പ്രണബ് പറയുന്നു. പിന്നീട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടലോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് പുസ്തകത്തില്‍ പറയുന്നു.

പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത സംസാരിച്ച മന്‍മോഹന്‍സിങ്, പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ പ്രണബ് മുഖര്‍ജി ആയിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം താനല്ല തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു.