ടോക്കിയോ; ഇന്ത്യക്കാരായ 26 ജീവനക്കാരുമായി പസിഫിക് സമുദ്രത്തില്‍ മുങ്ങിയത് നിരോധിതവസ്തു കടത്തിയ കപ്പലാണെന്ന് വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലിപ്പീന്‍സ് തീരത്താണ് ഇന്ത്യക്കാരുള്പ്പെടെയുള്ളവരുമായി കപ്പല്‍ മുങ്ങിയത്. 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ള 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മലയാളിയായ രാജേഷ് നായരായിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍. ഇദ്ദേഹവും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
നിക്കല്‍ അയിര് കടത്തുമ്പോഴാണ് കപ്പല്‍ മുങ്ങിയതെന്നാണ് വിവരം. നിക്കല്‍ അയിര് ദ്രാവകമായാല്‍ കപ്പലിന്റെ ബാലന്‍സ് നഷ്ടമാകും. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സമുദ്രത്തില്‍ രൂപപ്പെട്ട കൊടുങ്കാറ്റും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അതേസമയം, രക്ഷപെട്ട 15 പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മൂന്നു കപ്പലുകളിലെ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഹോങ്കോങ്ങില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണു മുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു പട്രോള്‍ ബോട്ടുകളെയും മൂന്നു വിമാനങ്ങളെയും അയച്ചിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റു മൂലം രക്ഷാപ്രവര്‍ത്തനം അതീവ ബുദ്ധിമുട്ടാണെന്ന് ജപ്പാന് തീരസേനാ വക്താവ് അറിയിച്ചു.