മോഷ്ടിക്കപ്പെട്ട കെജ്രിവാളിന്റെ കാര്‍ കണ്ടെത്തി

0
54


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോഷണംപോയ കാര്‍ കണ്ടെത്തി. ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്നും രണ്ടുദിവസം മുന്‍പ് വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. ഈ കാര്‍ പിന്നീട് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തി.

ഡല്‍ഹി പോലീസിനു കാര്‍ കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി. കെജ്രിവാളിന്റെ നീല വാഗണ്‍ ആര്‍ ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് വ്യാഴാഴ്ചയാണ് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കാര്‍ മോഷണം പോയതെന്ന് പോലീസ് പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ ക്രമസമാധാനം സംബന്ധിച്ച് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു മുഖ്യമന്ത്രിയുടെ കാര്‍ മോഷണം. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് കെജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് കത്തെഴുതിയിരുന്നു. ക്രമസമാധാന നില തലസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് തന്റെ കാര്‍ മോഷണം പോയതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോകുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു.

2014ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ കാര്‍. വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.