
സോള്‍: യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യുഎസും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണ് ഈ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ ഒരുങ്ങുന്നതെന്നാണ് സൂചന. പോങ്ങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്.
അടുത്ത ആഴ്ചത്തെ സൈനികാഭ്യാസത്തില്‍ വിമാനവേധ കപ്പലുകള്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് നേവി അറിയിച്ചിരുന്നു. ഇതാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയയെ പ്രേരിപ്പിച്ചത്.
ലോഞ്ചറുകളില്‍ കയറ്റി ബാലിസ്റ്റിക് മിസൈല്‍ പോങ്ങ്യാങ്ങില്‍ നിന്നു കൊണ്ടുപോകുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് വരെ എത്തുന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്നാണ് യുഎസ്- ദക്ഷിണകൊറിയ സൈനിക ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഹ്വാസോങ്-14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം), ഹ്വാസോങ്-12 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് യുഎസിനെ ഭീഷണിപ്പെടുത്താന്‍ ഉത്തരകൊറിയയുടെ കൈവശമുള്ളത്. ഹ്വാസോങ്-14ന് യുഎസിലെ അലാസ്ക വരെ ദൂരപരിധിയുണ്ട്. ഹ്വാസോങ-12 യുഎസ് പസിഫിക് കേന്ദ്രമായ ഗുവാം ദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്നുമാണ് പറയുന്നത്. ഇവ കൂടാതെ പുതിയ ഹ്വാസോങ്-13 ഐസിബിഎം പരീക്ഷിക്കാനും സാധ്യതയുണ്ട്. നിലവിലെ മിസൈലുകളേക്കാളും ദൂരപരിധി കൂടുതലുള്ള ഹ്വാസോങ്-13 യുഎസിന്റെ പശ്ചിമതീരം വരെ എത്തുമെന്നു കരുതുന്നു.
വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനു മുന്നറിയിപ്പെന്നോണം രണ്ടു യുഎസ് ബി-1ബി ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണം നടത്തിയിരുന്നു. ദക്ഷിണകൊറിയ, ജപ്പാന് എന്നീ രാജ്യങ്ങളുടെ വ്യോമസേനയോടൊപ്പം ഇവ അഭ്യാസങ്ങളും നടത്തി. ഇതിനുള്ള മറുപടി കൂടിയാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ നല്‍കുക എന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഉത്തരകൊറിയ 22 മിസൈലുകളാണു പരീക്ഷിച്ചത്. ഇതില്‍ രണ്ടെണ്ണം ജപ്പാനു മുകളിലൂടെയായിരുന്നു. കൂടാതെ, ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ള അണവായുധങ്ങള്‍ ആറുതവണയും പരീക്ഷിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ പരീക്ഷണം നടത്തുമെന്നു കരുതിയിരുന്നെങ്കിലും സംഭവിച്ചില്ല. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.