വാഷിങ്ടണ്‍: രണ്ടു ദശാബ്ദത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം ഇന്ത്യയിലുണ്ടെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വ്യവസായങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സംരംഭങ്ങള്‍ക്ക് വലിയ നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. മാസങ്ങള്‍ക്കുള്ളില്‍ ബിസിനസിനുള്ള പരിതസ്ഥിതികളില്‍ മാറ്റം വരുമെന്നും ജയ്റ്റ്ലി പറഞ്ഞു.
അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്താനാകും. 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയോ കരിഞ്ചന്ത വില്പന തുടരുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അതിനല്ല സര്‍ക്കാര്‍ തയ്യാറായത്. മൂല്യം കൂടിയ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകള്‍ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇതു ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ മുന്നോട്ടു നോക്കുമ്പോള്‍ ഇതു രാജ്യത്തിനു ഗുണകരമായിരിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയെ വ്യാവസായിക നിലയില്‍ ഉന്നതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികളെടുത്തു. ഭരണത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി. ഇന്ത്യയില്‍ എല്ലാവരും തന്നെ ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറി. എല്ലാവരും ആധാറിനാല് ബന്ധിതരാണ്. രാജ്യത്തെ ഒറ്റ നികുതിക്കു കീഴില്‍ കൊണ്ടുവരാന്‍ ചരക്ക്, സേവന നികുതിയിലൂടെ (ജിഎസ്ടി) സാധിച്ചുവെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.