വിദേശികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റ് സര്‍ക്കാര്‍ പരിശോധിക്കുന്നു

0
77

കുവൈത്ത്: രാജ്യത്ത് തുടരുന്ന വിദേശികളുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും സംയുക്തമായി നീക്കമാരംഭിച്ചു. നടപടി ഈമാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. വിദേശികളുടെ താമസരേഖ പുതുക്കുന്നതിനോടനുബന്ധിച്ച് യഥാര്‍ഥ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരുടെ ഇഖാമ (താമസരേഖ) പുതുക്കുന്നതല്ല. ഇതിന് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ആരേയും അനുവദിക്കുന്നതല്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യത്യസ്തമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ കോടതി നിയമനടപടിക്ക് വിധേയമാക്കും.

Related image

ആദ്യഘട്ടത്തില്‍ സര്‍വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. പിന്നീട് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷമേ ഇഖാമ പുതുക്കി നല്‍കുകയുള്ളൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

എന്നാല്‍, നിയമം സ്വദേശികള്‍ക്കും ബാധകമാകുമെന്നാണ് സൂചന. ഒറിജിനല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒക്ടോബര്‍ അവസാനം പ്രാബല്യത്തിലാകുന്നതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവര്‍ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയരാകും.