വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ വിധി പുനഃപരിശോധിക്കണമെന്ന് സുധീരന്‍

0
53

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഹൈക്കോടതി വിധി യാഥാര്‍ഥ്യബോധത്തോടെ ആയിരുന്നില്ലെന്നും തലവേദനയ്ക്കു മരുന്ന് നല്‍കുന്നതിനു പകരം തല വെട്ടുന്നതുപോലെയായി ഇതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. വിധിയുടെ ഗുണഭോക്താക്കളാകുന്നത് വിദ്യാര്‍ത്ഥികളെ കൊളളയടിക്കുന്ന മാനേജ്‌മെന്റുകളാണെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് പരസ്യമായ ചര്‍ച്ചകള്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിനുശേഷമുള്ള സാഹചര്യം വളരെ ഗൗരവമുള്ളതാണെന്നും സുധീരന്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സുധീരന്‍ പറഞ്ഞു.