കോണ്‍ഗ്രസ് രാഷ്ടീയം തമോഗര്‍ത്തത്തിലേയ്‌ക്കോ?

0
222

എം.മനോജ് കുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ടീയം തമോഗര്‍ത്തത്തിലേക്ക് നീങ്ങുകയാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതാണ് ഈ സംശയത്തിന്റെ അടിസ്ഥാനം.

സരിത ഉയര്‍ത്തിയ അഴിമതി-ലൈംഗിക ആരോപണങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ തന്നെ പ്രതികളായി മാറിയതാണ് കോണ്‍ഗ്രസിനെ ഉലയ്ക്കുന്നത്. സരിതയുടെ ബുദ്ധിശക്തിയുടെയും സൗന്ദര്യത്തിന്റെയും ലൈംഗിക ആകര്‍ഷണീതയുടെയും മുന്നില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ഒന്നാകെ തകര്‍ന്നടിഞ്ഞു എന്നാണ് സംശയാലുക്കള്‍ ആരോപിക്കുന്നത്.

കേരളം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ മകനാണ് സരിതയുടെ ആരോപണത്തില്‍പ്പെട്ട പ്രമുഖരില്‍ ഒരാള്‍. ഏറ്റവും ക്ലീന്‍ ഇമേജുള്ള, ഒരിക്കല്‍പ്പോലും ഒരു വിവാദത്തില്‍പ്പെടാത്ത ആളാണ്‌ ഈ മുന്‍ കേന്ദ്രമന്ത്രി. അത്തരത്തിലുള്ള പ്രമുഖ നേതാവിന്റെ മകന്‍ കൂടി സരിതയെ ഉപയോഗിച്ചു എന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

വിശ്വസിക്കാന്‍ കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ജനങ്ങള്‍ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ വിശ്വാസത്തിനാണ് തുടരെത്തുടരെ തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മക്കള്‍ കൂടി സരിതയെ ഉപയോഗിച്ചു എന്നത് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നു. മകന്‍ കൂടി ആരോപണത്തില്‍പ്പെട്ടതോടെ ഈ നേതാവ് എന്ത് നിലപാട് കേരളത്തിലെ പ്രശ്നങ്ങളില്‍ എടുക്കും എന്നത് ചിന്താവിഷയമായ കാര്യമാണ്. ആദര്‍ശത്തില്‍ നിന്നും അണുവിട ചലിക്കാത്ത ഈ നേതാവ് എന്ത് നിലപാട് സ്വീകരിച്ചാലും അത്‌ നിര്‍ണ്ണായകമാകും. വിവാദം ഇത്രവരെ എത്തിയിട്ടും ഈ നേതാവ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതും ദുരൂഹമാകുന്നു. ഈ കേന്ദ്ര മന്ത്രിയുടെ മകന്‍ ദേശീയതലത്തില്‍ ആസ്പത്രികളുടെ ശൃംഖല സ്ഥാപിക്കാനായി സരിതയെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഉന്നതര്‍ക്ക് കാഴ്ച വെച്ചു എന്നാണ്‌ ആരോപണം.

ഈ മുന്‍ കേന്ദ്രമന്ത്രിയുടെ മകനും ഒപ്പം മറ്റുള്ളവരും സരിതയെ ഇതിനിടയില്‍ സ്വന്തം ശാരീരിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നും ആരോപണ ശരങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കുന്നവര്‍ പറയുന്നു. ഇത് കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്നു. ആദര്‍ശപുരുഷനായ അച്ഛന്റെ തണലില്‍ നില്‍ക്കുന്ന മകന്‍ ഈ രീതിയില്‍ സരിതയെ ഉപയോഗിച്ചത് അവിശ്വസനീയമായി തോന്നുന്നു.

ഇതോടെ ഇടതുപക്ഷത്തിന്റെയും സരിതയുടെയും സംഘടിത ആരോപണങ്ങളെ ഒറ്റയടിക്ക് എതിര്‍ത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പക്ഷെ ആര് പ്രതിരോധിക്കും എന്നതാണ് പ്രശ്നം. പ്രതിരോധിക്കേണ്ട നേതാക്കളില്‍ മിക്കവരും സരിതയെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഉപയോഗിച്ചവരാണ്‌ എന്നാണ് സരിത ആരോപിക്കുന്നത്.

ഒപ്പം ഒന്നുകൂടി സരിത പറഞ്ഞു. താന്‍ എല്ലാം വെളിപ്പെടുത്തിയാല്‍ കേരളം അത് ഒറ്റയടിക്ക് താങ്ങില്ല എന്ന കാര്യം. ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ആരോപണത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് നിന്ന് രക്തപ്രസാദം മാഞ്ഞുപോയ അവസ്ഥയിലാണ്.

കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ പരമ ദയനീയമാണ്. നേതാക്കളും അണികളും പരിപൂര്‍ണ നിശബ്ദതയിലാണ്. കാരണം ഇനി ആരുടെയൊക്കെ പേരാണ് സരിത പറയുക എന്ന് അറിയില്ല. എല്ലാം ചേര്‍ത്താകും ഇടത് സര്‍ക്കാര്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോകുന്നത്.  ഉന്നത നേതാക്കള്‍ അഴിമതി-ലൈംഗികാരോപണ കേസുകളില്‍ ഉള്‍പ്പെട്ടതോടെ അണികള്‍ മൂകതയിലാണ്. നേതാക്കള്‍ക്ക് നേരിട്ട് ജനങ്ങളെ സമീപിക്കാന്‍ കഴിയാതെയായി.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം, എം.എം.ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടു സംസാരിച്ചിട്ടും രാഹുല്‍ ഒറ്റയടിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ അറച്ചു നില്‍ക്കുകയാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിട്ട് മറുപടി പറയാം എന്നാണു രാഹുല്‍ പ്രതികരിച്ചത്. ഇതോടെ  പ്രതിസന്ധിയുടെ ആഴം വലുതാകുന്നു.

തന്നെ ബലാത്സംഗം ചെയ്തു, ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത ആരോപിച്ചവരില്‍ പ്രമുഖ സ്ഥാനത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പെട്ടതോടെയാണ് കോണ്‍ഗ്രസ് ശരിക്കും പ്രതിസന്ധിയിലായത്. ഇടത് രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടിയെ മുന്‍നിരയിലേക്ക് കൊണ്ട് വരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കെയാണ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി ഇടത് സര്‍ക്കാര്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി തന്നെ ക്ലിഫ് ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നാണു സരിതയുടെ പ്രധാന ആരോപണം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ മുഖങ്ങളിലൊന്നായ,
ലളിത ജീവിതം നയിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെക്കൂടി സരിത ലൈംഗിക ആരോപണമുയര്‍ത്തിയതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്രതിസന്ധിയിലായി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, എ.പി.അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്‌, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി 14 പേര്‍ക്കെതിരെയാണ് ലൈംഗിക പീഡനക്കുറ്റം ചുമത്തുന്നത്. ഇതില്‍ കേരളാ കോണ്‍ഗ്രസ് എംപിയായ ജോസ്.കെ.മാണിയും മുസ്ലിം ലീഗ് നേതാവായ പാണക്കാട് ബഷീറലി തങ്ങളും ഉള്‍പ്പെടുന്നു.

ഉമ്മന്‍ചാണ്ടിയെയും മറ്റു നേതാക്കളെയും രക്ഷിക്കാന്‍ ശ്രമിച്ചതിനു മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്നെതിരെ ക്രിമിനല്‍ കേസ് ആണ് ചുമത്താന്‍ പോകുന്നത്. 22 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസ് വരുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആവും കേസ് എന്നതിനാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ എടുക്കേണ്ടതായി വരും. ഉമ്മന്‍‌ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്  ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും വേറെ വേറെ കേസുകള്‍ നേരിടേണ്ടി വരും.

നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടും എന്നാണു കോണ്‍ഗ്രസ് പറയുന്നത്. പക്ഷെ സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പോലും വിവരാവകാശ പ്രകാരം നല്കില്ലാ എന്നാണു നിയമമന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ ഏതൊക്കെ രീതിയില്‍ നീങ്ങുമെന്നും അതിനെ എങ്ങിനെ പ്രതിരോധിക്കാമെന്നും സിപിഎം കണക്ക് കൂട്ടിയാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്‌ എ.കെ.ബാലന്റെ വാക്കുകള്‍.

അതിനിടയിലാണ് ടിപി വധ ഗൂഢാലോചന കേസില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനു വഴങ്ങി എന്നും അതിനു കോണ്‍ഗ്രസ് നല്‍കേണ്ടി വന്ന വിലയാണ് സോളാര്‍ എന്നും തൃത്താല എംഎല്‍എ വി.ടി.ബല്‍റാം
ആരോപിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുകയും ചെയ്തു.

ഇപ്പോള്‍ സോളാര്‍ അഴിമതി-ലൈംഗിക ആരോപണങ്ങള്‍ക്ക് എങ്ങിനെ മറുപടി നല്‍കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തലപുകയ്ക്കുകയാണ്. എന്നാല്‍ പ്രതിവിധിയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ കുഴപ്പിക്കുന്നു.