ഹണിപ്രീതിന്റെ ഫോണില്‍ നിന്ന് നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

0
45

പഞ്ച്കുള: അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ഹണി പ്രീതിന്റെ ഐ ഫോണ്‍ സൈബര്‍ ലാബ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് സൈബര്‍ വിദഗ്ധര്‍.

ഹണി പ്രീതിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫോണ്‍ ഡേര ആശ്രമത്തിലെ വൈസ് ചെയര്‍പേഴ്സണ്‍ വിപാസന ഇന്‍സാന്റെ പക്കലുണ്ടെന്ന് പോലീസിന് വ്യക്തമായത്. ഓഗസ്ത് 26നാണ് ഫോണ്‍ വിപാസനയ്ക്ക് കൈമാറിയതെന്നും ഹണി പ്രീത് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വിപാസന ഇന്‍സാന്‍ ഫോണ്‍ പോലീസിന് കൈമാറി.

ഹണി പ്രീതിന്റെ വിരലടയാളം ഉപയോഗിച്ചാണ് അവരുടെ ഐഫോണ്‍ ലോക്ക് ചെയ്തിരിക്കുന്നത്.
വിപാസനയുടെ സാന്നിധ്യത്തില്‍ ഹണിപ്രീത് ഫോണ്‍ അണ്‍ലോക്ക് ചെയ്‌തെങ്കിലും ഫോണില്‍ നിന്നും ഐ ഫോണ്‍ ക്ലൗഡില്‍ നിന്നും വിവരങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. വിപാസനയ്ക്ക് കൈമാറുന്നതിന് മുന്‍പ് ഹണി പ്രീത് സുപ്രധാന വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായാണ് പോലീസിന്റെ നിഗമനം.

പ്രകോപനപരമായ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറ്റവും ഹണി പ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്. ഒളിവിലായിരുന്ന 38 ദിവസം ഹണി പ്രീത് ഉപയോഗിച്ച 17 സിമ്മുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ഫോണ്‍ വിവരങ്ങള്‍ സംബന്ധിച്ച പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹണിപ്രീത് കാര്യമായി സഹകരിക്കാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.