ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരല്ല: ജയ്റ്റ്ലി

0
39

വാഷിങ്ടന്‍; വീസ നയങ്ങളില്‍ യുക്തിസഹമായ തീരുമാനമെടുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ. എച്ച് 1ബി വീസയില്‍ അമേരിക്കയിലേക്കെത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരാണെന്ന നിലപാട് ശരിയല്ലെന്നും ജയറ്റ്‌ലി പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അനധികൃതമായി വരുന്നവരെപ്പറ്റിയാണ് ആശങ്ക. എന്നാല്‍ ഇന്ത്യക്കാരെല്ലാം നിയമത്തിനു വിധേയമായാണ് അവിടെയെത്തുന്നത്. അതിനാല്‍ത്തന്നെ വീസ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അത്തരക്കാരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുമായുളള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ജയ്റ്റ്ലി പറഞ്ഞു.

വിദഗ്ധ തൊഴില്‍മേഖലകളില്‍ വിദേശ ജീവനക്കാരെ നിയോഗിക്കാനായി യുഎസിലെ കമ്പനികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല നോണ്‍ഇമിഗ്രന്റ് വീസകളാണ് എച്ച്1 വിഭാഗത്തിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. യുഎസ് സമ്പദ്വ്യവസ്ഥയിലേക്കു വന്‍തോതില്‍ സംഭാവന നല്‍കുന്നവരാണ് എച്ച് 1ബി വീസയിലെത്തുന്ന ഇന്ത്യക്കാര്‍. മികച്ച പരിശീലനം ലഭിച്ച പ്രഫഷണലുകളാണവര്‍.

യുഎസിലേക്കെത്തുന്ന ഐടി ജീവനക്കാരോടുള്ള സമീപനത്തില്‍ വ്യത്യാസം വേണം. ഇതു സംബന്ധിച്ച് തങ്ങളുടെ ആശങ്ക യുഎസിനെ അറിയിച്ചതായും ജയറ്റ്‌ലി പറഞ്ഞു.