പത്തനംതിട്ട: ട്രോളന്മാര്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പണിയില്ലാത്ത മലയാളികളാണ് ട്രോളുകള്‍ക്ക് പിന്നില്‍. ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും കണ്ണന്താനം പരിഹസിച്ചു. കണ്ണന്താനത്തിന് വട്ടാണെന്നു പറഞ്ഞാലും മോഡിയുടെ സ്വപ്നങ്ങളേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മറ്റൊരുപണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നത്. ആരിതൊക്കെ ശ്രദ്ധിക്കുന്നു? കണ്ണന്താനത്തിന് വട്ടാണെന്ന് പറഞ്ഞാലും മോഡിയുടെ സ്വപ്നങ്ങളേക്കുറിച്ചു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും. കക്കൂസ് ഇല്ലാത്തതിനേപ്പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്കൂളില്‍ വിടാന്‍ പറ്റാത്തതിനെപ്പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ. എനിക്കിതൊക്കെ തമാശയാണ്. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ തുടങ്ങുകയാണ് ചിലര്‍. എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്.
എല്ലാവരും പങ്കുവെച്ച് ജീവിക്കുക എന്ന മോഡിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളിയുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ല. കാശുള്ളവര്‍ പാവപ്പെട്ടവരേക്കുറിച്ചു കൂടി ചിന്തിക്കണം. 67 ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ല എന്ന് പറയുന്നത് എന്തൊരു നാണക്കേടാണ്.
പെട്രോള്‍ വില വര്‍ധന പാവപ്പെട്ടവരെ ബാധിക്കില്ലേ എന്ന ചോദ്യത്തില്‍ ന്യായമില്ലെന്നും കണ്ണന്താനം വാദിച്ചു. 3.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ വിലവര്‍ധന. ലോകത്ത് ഏറ്റവും വിലക്കയറ്റം കുറഞ്ഞ രാജ്യം ഇന്ത്യയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വിശദീകരിച്ചു.