കേരളം ഭരിക്കുന്നത് തെമ്മാടികളെന്ന് മനോഹര്‍ പരീക്കര്‍

0
57

കൊട്ടാരക്കര; കേരളം ഭരിക്കുന്നതു തെമ്മാടികളാണെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരീക്കര്‍

ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ജലലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളില്‍ സമാനതകളുണ്ട്. എന്നാല്‍ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നതാണെന്നു പരീക്കര്‍ പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണു ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്. അവിടെ ബിജെപിക്കു ഭരിക്കാമെങ്കില്‍ ഇവിടെയും ആ നേട്ടം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ഇസഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അത് ഉപയോഗിച്ചിട്ടില്ല. കേരളത്തിലേക്കാണു പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ ചില സുഹൃത്തുകള്‍ പറഞ്ഞതു കമാന്‍ഡോകളുമായി പോകണമെന്നാണ്. ആക്രമണങ്ങള്‍ക്കു സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണു കേരളത്തിലുള്ളത്. അതിനാല്‍ ജീവന് ഭീഷണിയാണ്.

രാജ്യത്തു വികസനത്തിന്റെ പുതിയ യുഗപ്പിറവിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു വര്‍ഷത്തെ ഭരണമെന്നും പരീക്കര്‍ പറഞ്ഞു. ജനരക്ഷായാത്രയിലൂടെ സിപിഎമ്മിനെ തുറന്നുകാട്ടാനുള്ള ബിജെപി പ്രവര്‍ത്തകരുടെ സമീപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പരീക്കര്‍ പറഞ്ഞു.