തീവ്രരാഷ്ട്രീയം മുന്നേറുന്നതിലെ അപായ സൂചനകള്‍

0
164

മലപ്പുറം: ജില്ലയില്‍ തീവ്രരാഷ്ട്രീയം വേരുപിടിക്കുന്നതിന്റെ അപായ സൂചനകളാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ഇവിടെ എസ്.ഡി.പി.ഐയ്ക്ക് ഉണ്ടായ മുന്നേറ്റം മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. ന്യൂനപക്ഷം ശക്തമായ മേഖലകളില്‍ ഹിന്ദു തീവ്രരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനുള്ള ബദ്ധപ്പാട് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഈ ഘടകമാണ് എസ്.ഡി.പി.ഐ മുതലാക്കിയിട്ടുള്ളത്.

ഹിന്ദു വര്‍ഗീയ അജണ്ടുകളുമായി ബി.ജെ.പി മുന്നേറുമ്പോള്‍ അതിനെ തടയിടാന്‍ ഏറ്റവും നല്ലത് മറുപക്ഷത്തെ തീവ്രശക്തികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചിന്ത ലീഗ് അണികളില്‍ പോലും ശക്തമാകുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും നല്ല സൂചനയല്ല. ബി.ജെ.പിയെ ചെറുക്കാന്‍ ഗത്യന്തരമില്ലാതെ മുസ്ലിം തീവ്രരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ഈ പ്രവണത ലീഗിന്റെ കൊള്ളരുതായ്മയായിത്തന്നെയായിരിക്കും വിലയിരുത്തപ്പെടുക. ലീഗിനെ ദുര്‍ബലപ്പെടുത്തുന്നത് യു.ഡി.എഫിന്റെ നിലപാടുകളാണ്. ആ മുന്നണി മുമ്പെങ്ങുമില്ലാത്തവിധം ദയനീയമായ രാഷ്ട്രീയ പരിതസ്ഥിതികളിലാണ് അകപ്പെട്ടിരിക്കുന്നത്. യു.ഡി.എഫില്‍ നിന്നുകൊണ്ട് ലീഗിന് തങ്ങളുടെ കോട്ടകള്‍ കാത്ത് എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന സംശയം തന്നെയാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലീഗ് എം.പിമാര്‍ വോട്ട് ചെയ്യാന്‍ പരാജയപ്പെട്ടത് വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ചെറുവിഭാഗത്തെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. ബി.ജെ.പിയെ നേരിടാന്‍ കൊട്ടിഘോഷിച്ച് പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞുവിട്ട പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനങ്ങളിലും ലീഗ് അണികള്‍ അസംതൃപ്തരാണ്.

ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ അസഹിഷ്ണുതയുടേയും ഏകസ്വരതയുടെയും ഏകാധിപത്യത്തിന്റെയും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് അതിനെ നേരിടേണ്ടത് തീവ്രരാഷ്ട്രീയം കൊണ്ടുതന്നെയാണെന്ന ചിന്ത ന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്നുവരുന്നത് അവര്‍ എത്രത്തോളം അരക്ഷിതത്വമാണ് അനുഭവിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഈ രാഷ്ട്രീയ സാഹചര്യം മനസിലാക്കി ഒറ്റക്കെട്ടായി സംഘപരിവാര്‍ അജണ്ടകളെ ചെറുത്തുതോല്പിക്കേണ്ട ലീഗ് അടക്കമുള്ള മതേതര രാഷ്ട്രീയ ശക്തികള്‍ അതില്‍ പിന്നോക്കം പോകുന്നത് മതേതര രാഷ്ട്രീയത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ആ അര്‍ത്ഥത്തില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒരു പാഠമായി മതേതര രാഷ്ട്രീയ ശക്തികള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നാടിന് ഗുണമാണെന്ന് വിലയിരുത്താന്‍ കഴിയുകയുള്ളൂ.