ന്യൂഡല്‍ഹി: മുംബൈയിലേക്കു പോയ തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 24 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മഹാരാഷ്ട്രയിലെ ചിപ്ലുന് സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ട ശേഷമാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ക്ഷീണവും ശരീര വേദനയും അനുഭവപ്പെടുന്നതായി ഉച്ചയോടെ നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 24 യാത്രക്കാരെ രത്നഗിരി ജില്ലയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് മധ്യറെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയ്ക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍െവെ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി) അറിയിച്ചു.