പാകിസ്ഥാനിലേക്ക് ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ശ്രീലങ്കന്‍ താരങ്ങള്‍

0
56

കൊളംബോ: പാകിസ്ഥാനില്‍ വെച്ച് നടത്തുന്ന ക്രിക്കറ്റ് പരമ്പരയില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. 2009ല്‍ പാകിസ്ഥാനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ തീരുമാനം.

ഈ മാസം 29ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ ട്വന്റി-20 മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ലങ്കന്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. എന്നാല്‍ താരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് അവരുമായി സംസാരിക്കുമെന്ന് ലങ്കന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഐ.സി.സിയും ലങ്കന്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തും.

2009 ല്‍ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ പാകിസ്താനില്‍ വച്ചുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് പല മുതിര്‍ന്ന താരങ്ങളും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര ടീമുകള്‍ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. ഇത് പാക് ക്രിക്കറ്റ് ബോര്‍ഡിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വീണ്ടും ആഭ്യന്തര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് ലങ്കന്‍ താരങ്ങളുടെ പിന്‍മാറ്റം. അതേസമയം അടുത്തിടെ പാകിസ്താനും ലോക ഇലവനും തമ്മില്‍ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക,ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ലോക ഇലവനില്‍ അണിനിരന്നത്.