ബേസില്‍ തമ്പിയുടെ മിന്നുന്ന ബൗളിങ്; ഇന്ത്യ എയ്ക്ക് വിജയം

0
58

വിശാഖപട്ടണം: ന്യൂസീലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിന് മൂന്ന് വിക്കറ്റ് വിജയം. പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ മലയാളി താരം ബേസില്‍ തമ്പിയുടെ ബൗളിങ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്.

കിവീസ് മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മുപ്പത് റണ്‍സെടുക്കുന്നതിനിടയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ പിന്നീട് അഭിമന്യു ഈശ്വറും ശ്രദ്ധുല്‍ ഠാക്കൂറും കരണ്‍ ശര്‍മ്മയും വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

49 റണ്‍സ് നേടിയ അഭിമന്യു പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ആറു വിക്കറ്റിന് 90 എന്ന നിലയിലായിരുന്നു. പിന്നീട് പുറത്താവാതെ 38 റണ്‍സടിച്ച കരണും 40 റണ്‍സ് നേടിയ ഠാക്കൂറും അവസരത്തിനൊത്തുയര്‍ന്നു. കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ജോര്‍ജ്ജ് വര്‍ക്കറും (39) ക്യാപ്റ്റന്‍ ഹെന്റി നിക്കോളസും (42) തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ഇന്നിങ്സ് 44.2 ഓവറില്‍ 173 റണ്‍സിനു അവസാനിച്ചു. ആറോവര്‍ എറിഞ്ഞ ബേസില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.