മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എക്കാലത്തും തങ്ങളുടെ കോട്ടയായ മലപ്പുറം ജില്ല മുസ്ലിം ലീഗിന് അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താന്‍ കെ.എന്‍.എ.ഖാദറിന് കഴിഞ്ഞില്ലെന്നുമാത്രമല്ല ഭൂരിപക്ഷത്തില്‍ കനത്ത ഇടിവ് സംഭവിക്കുകയും ചെയ്തു എന്നതാണ് നിരീക്ഷകരുടെ സംശയത്തിന് പിന്ബലമാകുന്നത്.
പല ഘടകങ്ങളാണ് ഇത്തവണ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുള്ളത്. അതില്‍ പ്രധാനമായത് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോഡി സര്‍ക്കാരിനും അതിന് നേതൃത്വം നല്കുന്ന ബി.ജെ.പിയ്ക്കും എതിരായ ശക്തമായ ന്യൂനപക്ഷ വികാരമാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം തന്നെയാണ് വേങ്ങരയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ലീഗിനും യു.ഡി.എഫിനും ഫലപ്രദമായി ബി.ജെ.പിയുടെ ഹിന്ദുത്വ വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ക്കതിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് മുസ്ലിം വോട്ടര്‍മാര്‍ വേങ്ങരയിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ബി.ജെ.പിയെ ഏറ്റവും ശക്തമായി ചെറുക്കുന്നത് സി.പി.എമ്മും ഇടതുപക്ഷവും തന്നെയാണെന്നാണ് കഴിഞ്ഞ കുറേകാലങ്ങളായി ന്യൂനപക്ഷം ശക്തമായ പ്രദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മലബാറില്‍ നിന്നുള്ള വോട്ടര്‍മാര്‍ ആവര്‍ത്തിച്ച് വോട്ടിങ്ങിലൂടെ കാണിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ സൂചന അബ്ദുറഹ്മാന് രണ്ടത്താണിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ്. രണ്ടത്താണി മാത്രമല്ല പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി ഉള്‍പ്പടെ പല ലീഗ് സ്ഥാനാര്‍ത്ഥികളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിയര്‍ത്തിരുന്നു. അന്ന് നാമമാത്രമായ വോട്ടുകള്‍ക്കാണ് അലി തോല്‍വിയ്ക്ക് തുല്യമായ ജയം നേടിയത്. അതിനും മുമ്പ് 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടര്‍മാര്‍ തങ്ങളുടെ കൂറ് ഇടതുപക്ഷത്തേയ്ക്ക് ചായുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. മുസ്ലിം ലീഗുകാര്‍ തിരഞ്ഞെടുപ്പുകാലത്ത് ‘സാമ്പാര്‍ മുന്നണി’യെന്ന് കളിയാക്കിയെങ്കിലും ഫലം വന്നപ്പോള്‍ അത് അവര്‍ക്ക് വിഴുങ്ങേണ്ടിവന്നത് ഇതിന് നല്ല ഉദാഹരണമാണ്.
മുസ്ലിം വോട്ടുകള്‍ തങ്ങള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അടിയൊഴുക്ക് ലീഗിനും നന്നായിട്ടറിയാം. മരവിച്ച യു.ഡി.എഫ് ആണ് ഇതിനുകാരണമെന്നും ബി.ജെ.പിവിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലെ അവരുടെ പരാജയം തങ്ങളുടെ വേരറുക്കുകയാണെന്നുമുള്ള പരാതി ഏറെക്കാലമായി അവര്‍ക്കുണ്ടുതാനും. ദശകങ്ങളായി തങ്ങളുടെ വികാരമായി ലീഗിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ ഗത്യന്തരമില്ലാതെ ഇടതിലേയ്ക്ക് ചായുന്നത് പ്രകടമായിത്തന്നെ കാണാം. വിശ്വാസികളല്ലാത്ത, തൊട്ടുകൂടാന്‍ പാടില്ലാത്ത കമ്യൂണിസ്റ്റുകാരില്‍ നിന്ന്, അത്തരം തീണ്ടായ്മയൊന്നുമില്ലാത്ത, കൂടെനിര്‍ത്താനും വിശ്വസിക്കാനും കൊള്ളുന്ന ഒരു വിഭാഗമായി ന്യൂനപക്ഷ മനസുകളില്‍ സി.പി.എമ്മും ഇടതുപക്ഷ രാഷ്ട്രീയവും ഇടംപിടിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ലീഗിന്റെ കുഴിതോണ്ടുന്നതാണ്.
ഒപ്പംതന്നെ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വന്‍മുന്നേറ്റം ലീഗ് അണികളുടെ മനസാണ് കാണിക്കുന്നത്. എങ്ങിനെയും ബി.ജെ.പിയെ പ്രതിരോധിച്ചേമതിയാകൂ എന്ന് തോന്നലില്‍ തീവ്രരാഷ്ട്രീയത്തോട് ലീഗ് അണികള്‍ അടുക്കുന്നതും അപായ സൂചനകളാണ് നല്‍കുന്നത്.