ലാസ്റ്റ് ഗ്രേഡ് പരീക്ഷ പി.എസ്.സി. ജനുവരിയില്‍ നടത്തും. വിവിധ വകുപ്പുകളിലേക്കാണ് ഇത്. 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കമ്മീഷന് ആലോചിക്കുന്നുണ്ട്. ഇതിനു കാരണം അപേക്ഷകര്‍ കുറവായതിനാലാണ്. ഇതിനു മുമ്പ് ആറര ലക്ഷം പേര് അപേക്ഷിച്ച ബിവറേജസ് കോര്പ്പറേഷന് എല്‍.ഡി.സി. പരീക്ഷ ഒറ്റ ദിവസമാണ് പി.എസ്.സി. നടത്തിയത്. 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ളത്.
പി.എസ്.സിയുടെ ചരിത്രത്തിലെ റെക്കോഡായിരിക്കും ഇത്രയും പേര്‍ക്ക് ഒരുമിച്ച് പരീക്ഷാ സൗകര്യം ഒരുക്കുന്നത്. അങ്ങനെയെങ്കില്‍ ജനുവരി 6, 20, 27 എന്നീ തീയതികളിലേതെങ്കിലും ഒരു ദിവസമായിരിക്കും പരീക്ഷ നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്കൂളുകളുടെ സൗകര്യം പി.എസ്.സി പരിശോധിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസമില്ലെന്നാണ് പി.എസ്.സിക്ക് ലഭിച്ച നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വൈകിക്കേണ്ടെന്ന് കമ്മീഷനില്‍ ധാരണയുണ്ടായത്.
13.10 ലക്ഷം അപേക്ഷകരാണ് ലാസ്റ്റ് ഗ്രേഡിന്റെ കഴിഞ്ഞ വിജ്ഞാപനത്തിനുണ്ടാരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇത്തവണ അപേക്ഷകരില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം. 4,55,892 അപേക്ഷകരാണ് കുറഞ്ഞത്. സ്പെഷ്യല്‍റൂള്‍ ഭേദഗതിയിലൂടെയാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് ബിരുദധാരികളെ ഒഴിവാക്കിയത്. അതനുസരിച്ചുള്ള ആദ്യ വിജ്ഞാപനമാണിത്.