വേങ്ങരയും കൈവിട്ടു; കേരളത്തില്‍ ബിജെപി ഇനി എങ്ങോട്ട്?

0
1302


എം.മനോജ്‌ കുമാര്‍
തിരുവനന്തപുരം: വേങ്ങര ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ തവണ വേങ്ങരയില്‍ ലഭിച്ച വോട്ടു പോലും നേടാന്‍ കഴിയാതെ വളരെ തിളക്കം കുറഞ്ഞ പ്രകടനം മാത്രമേ മണ്ഡലത്തില്‍ ബിജെപിക്ക് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുള്ളു.

കഴിഞ്ഞ വര്‍ഷം വേങ്ങരയില്‍ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നാലാം സ്ഥാനത്തേക്കാണ് വേങ്ങരയില്‍ പിന്തള്ളപ്പെട്ടത്. വോട്ടും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വേങ്ങരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി.ടി.ആലിഹാജി നേടിയത് 7055 വോട്ടുകളാണ്.

പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങള്‍ അഴിച്ചു വിട്ടിട്ടും ജനരക്ഷാ യാത്രയുടെ പിന്‍ബലം ഉണ്ടായിട്ടും  ഇത്തവണ ഒരു വര്‍ഷം മുന്‍പ് നേടിയ വോട്ടുകള്‍ നേടാന്‍ പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രന്‍ മാസ്റ്റര്‍ ഇക്കുറി നേടിയത് 5728 വോട്ടുകള്‍ മാത്രമാണ്.

അതായത് 2016നെ അപേക്ഷിച്ച് ആയിരത്തോളം വോട്ടിന്റെ കുറവാണ് വന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്ര മലപ്പുറം കേന്ദ്രീകരിച്ച് കടന്നു പോയിട്ടും സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അടക്കമുള്ള കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും വരെ മലപ്പുറത്ത്‌ അണിനിരത്തിയിട്ടും യാതൊരു നേട്ടവുമുണ്ടാക്കാന്‍
ബിജെപിക്ക് കഴിഞ്ഞില്ല.

ബിജെപിയല്ല എന്‍ഡിഎ എന്ന മുന്നണിയാണ് വേങ്ങരയില്‍ മത്സരിച്ചത്. വലിയ ശക്തി കേരളത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ബിഡിജെഎസ് വേങ്ങര എത്ര വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധിക്കേണ്ട ഘടകമാണ്. 5728 വോട്ടുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടെത്ര, ബിഡിജെഎസിന് ലഭിച്ച വോട്ടെത്ര എന്ന് തിരക്കുമ്പോള്‍ മലപ്പുറത്ത് ബിജെപി-ബിഡിജെഎസിന്റെ ശക്തി എത്രമാത്രം ഉണ്ടെന്നു വ്യക്തമാകും.

കേന്ദ്ര പദവികള്‍ വീതം വെച്ച് നല്‍കിയില്ല എന്നാരോപിച്ച് വേങ്ങര തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനരക്ഷായാത്ര ബഹിഷ്ക്കരിക്കാന്‍ ബിഡിജെ എസ് തീരുമാനിച്ചിരുന്നു. ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും എന്ന തോന്നലും ശക്തമായിരുന്നു.

ബിഡിജെഎസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ സമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു കൂടിക്കാഴ്ച നടത്തുകയും ബിഡിജെഎസിനെ ഇടതുമുന്നണിയിലെടുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്ഥിതിഗതികള്‍ വഷളായപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിഡിജെഎസ് പ്രസിഡന്റ്റ് തുഷാര്‍ വെള്ളാപ്പള്ളിയെ ഗുജറാത്തിലെ സ്വവസതിയിലേക്ക് ക്ഷണിച്ചു വരുത്തുകയും മൂന്നാഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ നടപ്പിലാകും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ബിഡിജെഎസ് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുകയോ, ബിഡിജെഎസ് വേങ്ങരയില്‍ സജീവമാകുകയോ ചെയ്തില്ലാ എന്ന് വേങ്ങരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

ബിജെപിയുടെ കേന്ദ്ര നേതൃത്വം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു വേങ്ങരയില്‍ നടന്നത്. പക്ഷെ ഫലം നിരാശാജനകമാണെന്ന് കേന്ദ്ര നേതൃത്വത്തിനും ബോധ്യമായിട്ടുണ്ടാകും. കേരളം പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ശ്രമങ്ങള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് മലപ്പുറം കണ്ടത്.

ഹിന്ദുത്വത്തിലൂന്നി ബിജെപി കേരളത്തില്‍ നടത്തിയ പ്രചണ്ഡപ്രചാരണ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്ത് പാര്‍ട്ടിക്ക്‌ തിരിച്ചടിയായി. മലപ്പുറത്ത് മുസ്ലിം വോട്ടിന്റെ വന്‍ തോതിലുള്ള ധ്രുവീകരണം നടന്നു. മുസ്ലിം വോട്ടുകള്‍ വന്‍ തോതില്‍ സിപിഎം സ്ഥാനാര്‍ഥി പി.പി.ബഷീറിനു ലഭിച്ചു.

കൂടുതല്‍ തീവ്ര മുസ്ലിം ചിന്താഗതിക്കാര്‍ എസ്ഡിപിഐയില്‍ തങ്ങളുടെ ആശ്രയം കണ്ടെത്തി. തത്ഫലമായി വേങ്ങരയില്‍ മൂന്നാം സ്ഥാനത്തേക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി.നസീറിനു എത്താന്‍ കഴിഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ സൂചനകളും ദിശാമാറ്റങ്ങളും ഒളിഞ്ഞിരിക്കുന്നു. ഇന്നത്തെ ലീഗ് വിജയത്തിന് വലിയ അവകാശവാദം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടി പോലും ഉന്നയിച്ചില്ല. മറിച്ച് വേങ്ങരയില്‍ ലീഗിന് തിരിച്ചടി നേരിട്ടു എന്ന സൂചനകള്‍ നല്‍കുകയും ചെയ്തു.

തിളക്കം കുറഞ്ഞ പ്രകടനത്തെക്കുറിച്ച് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് നേടിയത് 65662 വോട്ടുകള്‍ മാത്രമാണ്.

2014ല്‍  ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഇതേ ശ്രീപ്രകാശ്‌ നേടിയത് 64705 വോട്ടുകള്‍ ആയിരുന്നു. 2017ല്‍ ശ്രീ പ്രകാശിന് ലഭിച്ചത് 65662 വോട്ടുകളും. ആയിരം വോട്ടുകള്‍ കൂടുതല്‍ നേടാന്‍ പോലും കഴിഞ്ഞ മലപ്പുറം ലോക്സഭാ  ഉപതിരഞ്ഞെടുപ്പില്‍  ബിജെപിക്ക് കഴിഞ്ഞില്ല. ഇത് കേരളത്തിലെ ബിജെപിയുടെ നിലവിലെ സംഘടനാ ദൗര്‍ബല്യത്തിന്റെ നേര്‍ക്കും ദുര്‍ബലതയിലേക്കും വിരല്‍ ചൂണ്ടുന്നു.

കേന്ദ്ര നേതൃത്വം ഏതു രീതിയിലുള്ള സംഘടനാ പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയാലും ബിജെപിക്ക് കീഴടക്കാന്‍ കഴിയാത്ത ഒരു സംസ്ഥാനമായി കേരളം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു എന്ന് മലപ്പുറം ഫലം ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വിളിച്ചു പറയുന്നു.