വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; രാവിലെ എട്ടിന് വോട്ടെണ്ണല്‍

0
84

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്നറിയാം. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.

പകല്‍ പതിനൊന്നോടെ ഫലം അറിയാം. വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം trend.kerala.gvo.in ല്‍ അറിയാം. പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുന്നത്. പക്ഷെ വിരലില്‍ എണ്ണാവുന്ന പോസ്റ്റല്‍ ബാലറ്റ് മാത്രമേയുള്ളൂ.

പലതും തിരിച്ചെത്തിയിട്ടുമില്ല. പതിനാല് ടേബിളുകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്.

ഒരു ടേബിളില്‍ 12 ബൂത്തുകളിലെ വോട്ട് എണ്ണും. 12 റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും.

വോട്ടെണ്ണലിനോട് അനുബന്ധിച്ച് വേങ്ങര മണ്ഡലത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അറുന്നൂറോളം പൊലീസുകാര്‍, എംഎസ്പി, കെഎപി രണ്ട്, കെഎപി നാല്, ആംഡ് റിസര്‍വ് എന്നിവയിലെ 400 പേര്‍, പുറമേ സിആര്‍പിഎഫിന്റെ 100 പേരും സുരക്ഷയ്ക്കുണ്ടാകും.

1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,22,610 പേര്‍ വോട്ടുചെയ്തു. ഇടതുമുന്നണിയുടെ അഡ്വ പിപി ബഷീറും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം. എന്‍ഡിഎയുടെ ജനചന്ദ്രന്‍ മാസ്റ്ററും മത്സരരംഗത്തുണ്ട്.