മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ കെ.എന്‍.എ.ഖാദറിന് തിളക്കം കുറഞ്ഞ ജയം. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിന്റെ പി.പി.ബഷീറിനെ ഖാദര്‍ തോല്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തിയെട്ടായിരത്തില്പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി ജയിച്ചിരുന്നത്. ഭൂരിപക്ഷത്തില്‍ പതിനയ്യായിരത്തില്‍പ്പരം വോട്ടുകളുടെ കനത്ത ഇടിവ് ലീഗിന് ക്ഷീണമായി. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നാല്പതിനായിരത്തിലധികം വോട്ടിന്റെ മുന്‍തൂക്കം നേടിയിരുന്നു.
കെ.എന്‍.എ. ഖാദറിന് 65227 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി.പി.ബഷീറിനു 41917 വോട്ടുകള്‍ ലഭിച്ചു. വേങ്ങരയിലെ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗ് നേടുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്. അതേസമയം ഇടതുമുന്നണിയ്ക്ക് ലഭിച്ച വോട്ടുകളില്‍ വന്‍വര്‍ദ്ധനവുണ്ടായി. എല്ലാക്കാലത്തും ലീഗിന് ലഭിക്കുന്ന ഭൂരിപക്ഷത്തിന് താഴെ മാത്രം വോട്ടുകള്‍ നേടാറുള്ള ഇടതുമുന്നണി ഇത്തവണ അവരുടെ ഭൂരിപക്ഷത്തേക്കാള്‍ പതിനെട്ടായിരത്തിലധികം വോട്ടുകള്‍ നേടി.
മൂന്നാം സ്ഥാനത്ത് എസ്.ഡി.പി.ഐ എത്തി. 8648 വോട്ടുകളോടെയാണ് എസ്.ഡി.പി.ഐയുടെ കെ.സി.നസീര്‍ മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ രണ്ടായിരത്തോളം വോട്ട് മാത്രം നേടിയിടത്താണിത്. ബിജെപിയുടെ ജനചന്ദ്രന് മാസ്റ്റര്‍ നാലാമതായി. 5728 വോട്ടുകളാണ് ജനചന്ദ്രന് ലഭിച്ചത്.
സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. ലോക്സഭാംഗമായതിനെത്തുടര്‍ന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്.
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വേങ്ങരയില്‍ നിന്ന് ജയിച്ചത്. പിപി ബഷീര്‍ ആയിരുന്നു ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി.