യുഡിഎഫ് ഹര്‍ത്താലില്‍ പലയിടത്തും ആക്രമണം

0
94


തിരുവനന്തപുരം: മടിച്ച് മടിച്ചാണ് യുഡിഎഫ് നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം നടത്തിയതെങ്കിലും ആക്രമണത്തിന്റെ കാര്യത്തില്‍ ഈ ഹര്‍ത്താല്‍ മറ്റു ഹര്‍ത്താലുകളെ കടത്തിവെട്ടുന്നതായി. സംസ്ഥാനത്തിന്റെ പല ഭാഗത്തും കെഎസ്ആര്‍ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

കൊച്ചിയിലും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നടന്നു. തൃശൂരില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്‌. തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ബസുകള്‍ തടയുകയും ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തത്.

കൊല്ലത്ത് ചിന്നക്കടയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി അടക്കമുളള വാഹനങ്ങള്‍ തടയുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്‌. ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കും എന്നുറച്ച മട്ടിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

തുറന്ന കടകള്‍ പലഭാഗത്തും അടപ്പിച്ചിട്ടുണ്ട്. വാഹനങ്ങളും വ്യാപകമായി തടയുന്നു. ഹര്‍ത്താല്‍ സമാധാനപരം എന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍ വീണ്‍വാക്കായി.

ശക്തമായ പൊലീസ് സുരക്ഷ ഉറപ്പ് എന്ന ഡിജിപിയുടെ വാക്കുകളും പാഴ്വാക്കായി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ വിവിധ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്റ്റാന്റുകളിലും,  റെയില്‍വേസ്റ്റേഷനിലും വന്നിറങ്ങിയ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.

ഇനി വൈകീട്ട് വരെ കാത്തിരിക്കു മാത്രമേ പലര്‍ക്കും പോംവഴിയുള്ളൂ.