ആരുഷി കൊലക്കേസ്; തല്‍വാര്‍ ദമ്പതികള്‍ മോചിതരായി

0
44

ഗാസിദാബാദ്: ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ തടവിലായിരുന്ന തല്‍വാര്‍ ദമ്പതികള്‍ ജയില്‍മോചിതരായി. നാല് വര്‍ഷം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര തല്‍വാറും ദസ്ന ജയിലില്‍ നിന്ന് പുറത്തുവരുന്നത്.

ഇരുവരും നിരപരാധികളാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നാണ് രാജേഷും നൂപുറും ജയില്‍മോചിതരായത്. കോടതിവിധി ആരുഷിയുടെ മാതാപിതാക്കളുടെ നിഷ്‌കളങ്കതയ്ക്കുള്ള സമ്മാനമാണെന്നും അവരത് അര്‍ഹിക്കുന്നതാണെന്നും അഭിഭാഷകനായ തന്‍വീര്‍ അഹമ്മദ് മീര്‍ പ്രതികരിച്ചു.

2008 ലാണ് പതിനാല് വയസ്സുകാരിയായ ആരുഷിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹാംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസ്സില്‍ നിന്ന് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ച് രാജേഷും നൂപുറം ചേര്‍ന്ന് കൊല നടത്തി എന്നതായിരുന്നു പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ ഇരുവരേയും ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല എന്ന വിലയിരുത്തലിലാണ് കോടതി ഇരുവരേയും വെറുതേ വിട്ടത്.