കാഞ്ച ഇളയ്യയുടെ പുസ്തകം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

0
215

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യയുടെ ”വൈശ്യന്മാര്‍ സാമൂഹ്യ കവര്‍ച്ചക്കാര്‍” പുസ്തകം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പുസ്തകം പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ആര്യ വൈശ്യ സമുദായങ്ങള്‍ക്കെതിരെ പുസ്തകത്തില്‍ മോശം പരാമര്‍ശമുണ്ടന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. അഭിപ്രായ സ്വാതന്ത്ര്യം തടയാനാകില്ലെന്നും എഴുത്തുകാരന്റെ സാമൂഹിക കാഴ്ചപ്പാടിനുമേല്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

ഒരു എഴുത്തുകാരനെ സംബന്ധിച്ച് അയാളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണ് സ്വന്തം പുസ്തകം. അതുകൊണ്ടുതന്നെ ഇത്തരം നിരോധനങ്ങള്‍ അയാളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായേ  കാണാനാകൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ആര്യവൈശ്യ സമുദായങ്ങള്‍ക്കെതിരെ എഴുതിയതിന്റെ പേരില്‍ കാഞ്ച ഇളയ്യയക്കെതിരെ വധഭീഷണി ഉണ്ടായിരുന്നു. പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ കെഎന്‍എന്‍വി വീരാഞ്ജനേയലുവാണ് ഹര്‍ജി നല്‍കിയത്.